കൊച്ചി ● സഭാതർക്കം പരിഹരിക്കാൻ പരസ്പരം അംഗീകരിച്ച് ഇരുസഭകളായി മുന്നോട്ടു പോവുക എന്നതാണ് സഭയുടെ കാഴ്ചപ്പാടെന്നും അതിന് വിട്ടുവീഴ്ച ചെയ്യാൻവരെ തയ്യാറാണെന്നും മലങ്കര യാക്കോബായ സുറിയാനി സഭ. മൃതദേഹം സംസ്കരിക്കുന്നത് തടസ്സപ്പെടുത്താതിരിക്കുകയും, സെമിത്തേരികൾ തുറന്നുനൽകുകയും ചെയ്താൽ അതിവേഗം മുറിവുകൾ ഉണങ്ങും. പള്ളികളിലെ ഹിതപരിശോധനയ്ക്കും തയ്യാറാണെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പത്രസമ്മേളനത്തിൽ പറഞ്ഞു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര സന്ദർശനവുമായി ബന്ധപ്പെട്ട് വിഘടിത ഓർത്തഡോക്സ് വിഭാഗം നടത്തുന്ന പ്രസ്താവനകൾ അപലപനീയവും പ്രതിഷേധാർഹവുമാണ്. പല പരാമർശങ്ങളും സഹിക്കാൻ കഴിയുന്നതല്ല. ഇനിയെങ്കിലും മാന്യതയോടെ സംസാരിക്കാൻ ഓർത്തഡോക്സ് വിഭാഗം തയ്യാറാകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
മണർകാട് പള്ളിയും, കോതമംഗലം പള്ളിയും യാക്കോബായ സഭാ വിശ്വാസികളുടേതാണ്. ഈ പള്ളികളിൽ പാത്രിയർക്കീസ് ബാവ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവുകളൊന്നുമില്ല. പള്ളി ഭരണസമിതികൾ ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടർന്നാണ് ബാവ സന്ദർശിച്ചിട്ടുള്ളത്. കോടതി വിധിക്കും വിസ ചട്ടങ്ങൾക്കും വിധേയമായി മാത്രമാണ് പരിശുദ്ധ ബാവ പള്ളികളിൽ പ്രവേശിച്ചിട്ടുള്ളത്.
തങ്ങൾക്ക് മുറിവേറ്റുവെന്ന മെത്രാൻ കക്ഷി വിഭാഗത്തിൻ്റെ വാദം അംഗീകരിക്കാവുന്നതല്ല. പതിറ്റാണ്ടുകളായി ആരാധന നടത്തിവന്ന സ്വന്തം ദൈവാലയങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടും ശാരീരികവും മാനസികവുമായ വേദനകൾ അനുഭവിക്കുന്ന യാക്കോബായ സഭയിലെ വിശ്വാസികളാണ് യഥാർഥത്തിൽ മുറിവേറ്റവർ. മൃതദേഹങ്ങളോടു പോലും അനാദരവോടെ പെരുമാറിയ സംഭവങ്ങൾ നിരവധിയാണ്.
സുപ്രീംകോടതി വിധി പ്രകാരം എതിർവിഭാഗത്തിൻ്റെ കൂടി തലവനായ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്കെതിരെ നിരന്തരമായി വ്യാജ പ്രചാരണങ്ങൾ നടത്തി പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയാണ്. കോടതി വിധികൾ ധിക്കരിക്കുന്നതും അവരാണ്. ചർച്ചകൾക്കും മധ്യസ്ഥശ്രമങ്ങൾക്കും സർക്കാരെടുക്കുന്ന ജനാധിപത്യപരവും നീതിയുക്തവുമായ നടപടികളോട് സഭ പൂർണമായും സഹകരിക്കും. എന്നാൽ, ചർച്ചകൾ പരാജയപ്പെട്ടാൽ സർക്കാർ നിയമനിർമാണം നടത്തി ശാശ്വത പരിഹാരം കാണണം. സർക്കാരിനെയും മന്ത്രിമാരെയും സമ്മർദത്തിലാക്കുന്ന സമീപനം യോജിച്ചതല്ലെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
പത്രസമ്മേളനത്തിൽ മീഡിയ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സഭാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.




