കോട്ടയം ● മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സ്ഥാപിതകാലം മുതൽ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേൽക്കോയ്മയിലും, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിലും പ്രവർത്തിച്ചു വരുന്ന ദൈവാലയമാണെന്ന് കത്തീഡ്രൽ ഭാരവാഹികൾ. പള്ളി വിഘടിത ഓർത്തഡോക്സ് സഭയുടേതാണെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ചരിത്രപരമായ സഭാ ബന്ധം വിശദീകരിച്ച് ഭാരവാഹികൾ രംഗത്തെത്തിയത്.
പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സന്ദർശനവും, വിശുദ്ധ കുർബ്ബാന അർപ്പണവും, പള്ളിയുടെ ചരിത്രത്തിൽ ആദ്യമായല്ലെന്നും ദീർഘകാലമായി തുടർന്ന് വരുന്ന ആരാധനാ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഭാരവാഹികൾ അറിയിച്ചു.
1982 ഫെബ്രുവരി 26-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ മണർകാട് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ അരക്കച്ചയുടെ (സൂനോറോ) അംശം സ്ഥാപിച്ചിരുന്നു. വിശുദ്ധ മൂറോൻ കൂദാശയും നിർവഹിച്ചു. 2004-ൽ വീണ്ടും പള്ളിയിലെത്തിയ പരിശുദ്ധ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും, ദൈവാലയത്തെ കത്തീഡ്രൽ പദവിയിലേക്ക് ഉയർത്തുകയും, ആഗോള മരിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
2008-ലും പരിശുദ്ധ ബാവ പള്ളി സന്ദർശിച്ചു. 2015-ൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പള്ളിയിലെത്തി വിശുദ്ധ കുർബ്ബാന അർപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ നവംബർ 15-നും മണർകാട് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചതെന്ന് കത്തീഡ്രൽ വികാരി വന്ദ്യ കെ. കുര്യാക്കോസ് കിഴക്കേടത്ത് കോറെപ്പിസ്കോപ്പ, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ പറഞ്ഞു.
