കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ കാക്കൂർ ആട്ടിൻകുന്ന് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ സഭയുടെ ഐക്യത്തിനായി പരിശ്രമിച്ച മന്ത്രി ശ്രീ. അനൂപ് ജേക്കബിന് സഭയിലെ അംഗങ്ങളുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വിഘടിത ഓർത്തഡോക്സ് വിഭാഗവും-യാക്കോബായ സഭയും തമ്മിലുണ്ടായ സംഘർഷവും വാക്കേറ്റവും സംസ്ഥാന തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മെത്രാപ്പോലീത്ത കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ എത്തിയത്.
സംഭവത്തെക്കുറിച്ച് വിശ്വാസികളുമായി സംവദിക്കുകയും വിശദീകരിക്കുകയും ചെയ്തു. വസ്തു സംബന്ധിച്ച തർക്കത്തിൽ വിഘടിത ഓർത്തഡോക്സ് വിഭാഗം പ്രകോപനം ഉണ്ടാക്കുകയും, സമാധാന ചർച്ചയിലെ തീരുമാനം ലംഘിക്കുകയുമാണ് ചെയ്തതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വികാരി ഫാ. എൽദോസ് നീലനാൽ, ട്രസ്റ്റിമാരായ ഷിബു ജോസ്, ബേബി വർഗീസ്, സെക്രട്ടറിമാരായ എൻ.കെ. ബാബു, കെ.പി. ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


