മുളന്തുരുത്തി ● ഉദയഗിരി മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ സെൻ്റ് എഫ്രേം ചാപ്പലിൽ സുറിയാനി ആരാധനാപാരമ്പര്യത്തിന്റെ ആത്മീയചൈതന്യം നിറഞ്ഞുനിന്ന ശ്ഹീമാ സന്ധ്യാനമസ്കാരം നടത്തപ്പെട്ടു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിച്ചു.
പരിശുദ്ധ പാത്രിയർക്കീസ് ബാവയോടൊപ്പം മലങ്കരയിലെത്തിയ അഭിവന്ദ്യ പിതാക്കന്മാരും സഭയിലെ മെത്രാപ്പോലീത്തമാരും പ്രാർത്ഥനയിൽ പങ്കുചേർന്നു.
സുറിയാനി ആരാധനാപൈതൃകത്തിന്റെ ആത്മീയസൗന്ദര്യവും പാരമ്പര്യ ശ്ഹീമാ പ്രാർത്ഥനകളുടെ മാധുര്യവും നിറഞ്ഞുനിന്ന സന്ധ്യ, പ്രാർത്ഥനയുടെയും ആരാധനയുടെയും അപ്പോസ്തോലിക കൂട്ടായ്മയുടെയും അനുഗ്രഹീത അനുഭവമായി മാറി.
സെമിനാരിയുടെ പ്രസിഡന്റും റെസിഡന്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിച്ചു. പ്രിൻസിപ്പൽ വന്ദ്യ ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, വന്ദ്യ റമ്പാച്ചന്മാർ, വൈദികർ, അധ്യാപകർ, വൈദിക വിദ്യാർത്ഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

















