മൂവാറ്റുപുഴ : റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ ഇന്ന് വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് കൂദാശ ശുശ്രൂഷകൾ നടത്തപ്പെടുന്നത്.
ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ, ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത എന്നിവരും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും സഹകാർമികത്വം വഹിക്കും. തുടർന്ന് ആശീർവാദവും നേർച്ചസന്ധ്യയും നടക്കും. നാളെ രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് പ്രഥമ ബലിയർപ്പണവും, വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കും.
കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവായുടെ നേർച്ചയുടെ ഫലമായി ഹിദായത്തുള്ളാ മോർ ഈവാനിയോസ് ബാവയാൽ എ.ഡി. 1687-ൽ സ്ഥാപിതമായ റാക്കാട് പള്ളിക്ക് നൂറ്റാണ്ടുകളുടെ ചരിത്രവും വിശ്വാസപാരമ്പര്യവുമുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെ പള്ളി കൂടുതൽ മനോഹരമായി ദൈവസന്നിധിയിൽ സമർപ്പിക്കപ്പെടുകയാണ്. മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ ഈവാസ് ഒന്നാമൻ പാത്രിയർക്കീസ് ബാവ 2008 ഒക്ടോബർ 22-നാണ് ഈ പള്ളിയെ ‘റാക്കാട് സെന്റ് മേരീസ് യാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളി’ എന്ന് നാമകരണം ചെയ്തത്.
പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവ മുഖ്യകാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. എൽദോസ് മോളേക്കുടിയിൽ, സഹവികാരി ഫാ. ബേസിൽ പതിയാരത്തുപറമ്പിൽ, ട്രസ്റ്റിമാരായ ഐസൺ സി. വർഗീസ്, സുജിത് പൗലോസ് എന്നിവർ അറിയിച്ചു.