മുളന്തുരുത്തി : ചരിത്ര പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷികത്തിൻ്റെ ഭാഗമായി ആഗോള സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ നവംബർ 14 ശനിയാഴ്ച (ഇന്ന് ) മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിച്ചേരും. രാവിലെ 9.30ന് എത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയെ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവക ഭക്ത്യാദരങ്ങളോടെ സ്വീകരിക്കും. തുടർന്ന് കത്തീഡ്രലിൽ പ്രവേശിക്കുന്ന പരിശുദ്ധ ബാവ വിശ്വാസികളെ ശ്ലൈഹീക വാഴ്വ് നൽകി അനുഗ്രഹിക്കും.
പരിശുദ്ധ ഗ്രിഗോറിയോസ് കൊച്ചുതിരുമേനിയുടെ 125-ാമത് ഓർമ്മപ്പെരുന്നാളിൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവഹിക്കും. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ആഗോള സുറിയാനി ഓർത്തോഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസും പരിശുദ്ധ സഭയുടെ വർക്കിങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി സംയുക്ത യോഗവും നടക്കും.
