പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അതിശ്രേഷ്ഠമായ വിശുദ്ധ മൂറോൻ കൂദാശയ്ക്കും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാംവാർഷികാഘോഷങ്ങൾക്കും മുന്നോടിയായി സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്രകൾ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭക്തിസാന്ദ്രമായി സംഗമിച്ചു. വിവിധ ദൈവാലയങ്ങളിൽനിന്ന് പ്രാർത്ഥനാനിർഭരമായി എത്തിച്ചേർന്ന ഘോഷയാത്രകൾക്ക് വിശ്വാസികളുടെ പങ്കാളിത്തത്തോടെ പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി.
150 വർഷങ്ങൾക്കു മുമ്പ് മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ ബാവായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര തെക്കൻ ഭദ്രാസനങ്ങളുടെ നേതൃത്വത്തിൽ കൊല്ലം ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽനിന്നാണ് ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച ഘോഷയാത്ര തെക്കൻ ഭദ്രാസനങ്ങളിലെ വിവിധ ദൈവാലയങ്ങളിൽ പ്രാർത്ഥനയ്ക്കും സ്വീകരണത്തിനും ശേഷം മഞ്ഞിനിക്കരയിൽ സമാപിച്ചു. തുടർന്ന് ശനിയാഴ്ച പുനരാരംഭിച്ച യാത്ര വിവിധ ദൈവാലയങ്ങളിലൂടെ സഞ്ചരിച്ച് മൺകാട് സെന്റ് മേരീസ് പള്ളിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ഇന്നലെ പുറപ്പെട്ട ഘോഷയാത്ര വിവിധ ദൈവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ എത്തി. ഇവിടെ കൊച്ചി ഭദ്രാസനത്തിലെ തൃപ്പൂണിത്തുറ നടമേൽ യാക്കോബായ സുറിയാനി പള്ളിയിൽനിന്നുള്ള ദീപശിഖാ പ്രയാണവും സംഗമിച്ചു. തുടർന്ന് ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര കാവുംതാഴത്തെത്തി.
കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ നിന്നാരംഭിച്ച പാത്രിയർക്കാ പതാക ജാഥ വിവിധ ദൈവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി, കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെൻ്റ് ജോർജ് അരമന കത്തീഡ്രലിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്രയുമായി പെരുവംമൂഴിയിൽ സംഗമിച്ച് കോലഞ്ചേരി വഴി കാവുംതാഴത്ത് എത്തിചേർന്നു.
മുളന്തുരുത്തി സുന്നഹദോസിന് നേതൃത്വം നൽകിയ പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ആരംഭിച്ച് അങ്കമാലി, കിഴക്കമ്പലം മേഖലകളിലൂടെ സഞ്ചരിച്ച് കാവുംതാഴത്തെത്തി.
വിവിധ ഭദ്രാസനങ്ങളിൽനിന്നുള്ള വിളംബര ഘോഷയാത്രകൾ കാവുംതാഴത്ത് സംഗമിച്ചതിനുശേഷം സംയുക്തമായി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്ക് പ്രവേശിച്ചു. നൂറുകണക്കിന് വിശ്വാസികൾ പ്രാർത്ഥനാഗീതങ്ങളുമായി ഘോഷയാത്രകളെ അനുഗമിച്ചതോടെ പാത്രിയർക്കാ സെന്റർ പരിസരം ഭക്തിസാന്ദ്രമായി.
പാത്രിയർക്കാ സെന്ററിൽ എത്തിയ ഘോഷയാത്രകളെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സ്വീകരണത്തിൽ പങ്കുചേർന്നു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി മലങ്കരയിലെത്തിയ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തിമോത്തിയോസ് മത്ത അൽ-ഖൂറി, അഭിവന്ദ്യ മോർ ഔഗേൻ അൽ-ഖൂറി നെമത്ത് എന്നിവർക്കു പുറമെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, മാത്യൂസ് മോർ തേവോദോസിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മർക്കോസ് മോർ ക്രിസ്റ്റഫോറോസ് എന്നിവരും സംബന്ധിച്ചു.
സ്വീകരണത്തെ തുടർന്ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ ധൂപ പ്രാർത്ഥനയും നടത്തി.
വിശുദ്ധ മൂറോൻ കൂദാശയുടെയും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെയും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടിമര ഘോഷയാത്രയെ തുടർന്ന് പ്രത്യേകം സ്ഥാപിച്ച കൊടിമരത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ പതാക ഉയർത്തി.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നവംബർ 11-ന് രാവിലെ 8 മണിക്ക് മലങ്കരയിൽ എത്തിച്ചേരും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ നവംബർ 13 വെള്ളിയാഴ്ച രാവിലെ 7.30-ന് ചരിത്രപ്രാധാന്യമേറിയ വിശുദ്ധ മൂറോൻ കൂദാശയ്ക്ക് തുടക്കമാകും.









