പുത്തൻകുരിശ് ● പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നവംബർ 13 വെള്ളിയാഴ്ച നടക്കുന്ന വിശുദ്ധ മുറോൻ കൂദാശയുടെയും, മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികത്തിന്റെയും മുന്നോടിയായി മലങ്കരയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഛായാചിത്ര, കൊടിമര, പതാക യാത്രകളുടെ സംഗമം ഇന്ന് വൈകുന്നേരം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടത്തപ്പെടും.
കടയ്ക്കനാട് അരമനയിൽ നിന്നാരംഭിക്കുന്ന കൊടിമര ജാഥയും, കോതമംഗലം മോർ തോമാ ചെറിയ പള്ളിയിൽ നിന്ന് അരഭിക്കുന്ന പതാക ജാഥയും, വടക്കൻ പറവൂർ പള്ളിയിൽ നിന്ന് ആരംഭിക്കുന്ന പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഛായാചിത്രം വഹിച്ചുള്ള വിളംബര വാഹന ജാഥയും, തൃപ്പൂണിത്തുറ നടമ സെന്റ് മേരീസ് പള്ളിയിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും, ആദിച്ചനല്ലൂർ സെന്റ് ജോർജ് പള്ളിയിൽ നിന്ന് ആരംഭിച്ച പരിശുദ്ധ പത്രോസ് മൂന്നാമൻ പാത്രിയർക്കീസ് ബാവയുടെ ഛായാചിത്രം വഹിച്ചുള്ള വിളംബര വാഹന ജാഥയും സംയുക്തമായി പുത്തൻകുരിശിൽ എത്തി സംഗമിക്കും.
തുടർന്ന് എല്ലാ ജാഥകളും സംയുക്തമായി വിശുദ്ധ മൂറോൻ കൂദാശ നടക്കുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 5.30ന് എത്തും. ശ്രേഷ്ഠ കത്തൊലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും, മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ചേർന്ന് സ്വീകരിക്കും.
