കളമശ്ശേരി ● സഭാതർക്കങ്ങൾക്ക് വ്യവഹാരങ്ങളല്ല, പരിഹാരങ്ങളാണ് വേണ്ടതെന്നും വിഭാഗീയതകൾ അവസാനിച്ച് സ്നേഹത്തിലും സമാധാനത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ അന്തരീക്ഷം സംജാതമാകണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. കളമശ്ശേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലി സമാപനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ദൈവാലയങ്ങൾ സമാധാനത്തിന്റെ കേന്ദ്രങ്ങളാകണം. ദൈവാലയങ്ങൾ പോലീസിനെ വൻതോതിൽ വിന്യസിക്കേണ്ട ഇടങ്ങളായി മാറരുതെന്ന് ബാവ പറഞ്ഞു. വിശ്വാസികൾക്ക് സ്വസ്ഥതയോടെയും സമാധാനത്തോടെയും ആരാധിക്കാൻ കഴിയുന്ന സാഹചര്യമാണു വേണ്ടത്. ആരാധനാലയങ്ങളിൽനിന്ന് ഉയരേണ്ടത് സത്യാരാധനയുടെയും നിർമലമായ ആരാധനയുടെയും സ്നേഹത്തിന്റെയും സംസ്കാരത്തിന്റെയും സന്ദേശങ്ങളാണ്. ഇവയെ വികലമാക്കുന്ന നടപടികളോട് യോജിക്കാനാവില്ലെന്നും ബാവ വ്യക്തമാക്കി.
നൂറ്റാണ്ടുകൾ നീണ്ട ചരിത്രമുള്ള സഭാതർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തണം. കലഹങ്ങളുടെയും വിഭാഗീയതയുടെയും കാലം അവസാനിച്ച് എല്ലാവർക്കും സ്നേഹത്തോടെയും സമാധാനത്തോടെയും സഹവസിക്കാൻ കഴിയുന്ന അന്തരീക്ഷം രൂപപ്പെടണം. അതിനായി എല്ലാവരും പ്രാർത്ഥനാപൂർവം ഒരുമിച്ചുനിൽക്കണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
ദൈവാലയങ്ങൾ നഷ്ടപ്പെട്ട കാലഘട്ടത്തിൽ തർക്കങ്ങൾക്കും വഴക്കുകൾക്കും മുതിരാതെ വിശ്വാസികൾ ഒരുമിച്ചുനിന്ന് സമ്പാദ്യങ്ങളും സ്ഥിരനിക്ഷേപങ്ങളും ഉൾപ്പെടെ ശേഖരിച്ചാണ് ഈ ദൈവാലയം പണിതുയർത്തിയത്. സഭാവിഭജനത്തിന്റെ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്ന ദൈവാലയങ്ങളിൽ ഒന്നാണിത്. ദൈവസ്നേഹവും സഭയോടുള്ള അചഞ്ചലമായ വിശ്വാസവുമായിരുന്നു ആ കൂട്ടായ്മയുടെ അടിത്തറ. വിശ്വാസപൈതൃകത്തിൽനിന്ന് വ്യതിചലിക്കാതെ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ ഇടവകയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിന് തെളിവാണെന്നും ബാവ ചൂണ്ടിക്കാട്ടി.
കല്ലും മണ്ണും സിമന്റും ഉപയോഗിച്ച് നിർമിച്ച മനോഹരമായ വാസ്തുശില്പങ്ങളിലല്ല, മനുഷ്യരുടെ ഹൃദയമാകുന്ന ദൈവാലയങ്ങളിലാണ് ക്രിസ്തു വസിക്കാൻ ആഗ്രഹിക്കുന്നതെന്ന് ബാവ ഓർമിപ്പിച്ചു. ദൈവം നൽകിയ താലന്തുകൾ വർധിപ്പിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാനും സാമൂഹിക പ്രതിബദ്ധതയോടെ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും എല്ലാവരും മുന്നോട്ടുവരണം. ജൂബിലി വർഷം സമൂഹത്തിന് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ഇടവകയ്ക്ക് സാധിക്കട്ടെയെന്നും ബാവ ആശംസിച്ചു.
ലേവ്യപുസ്തകം 25:10-ലെ ജൂബിലി സന്ദേശം ഉദ്ധരിച്ച ബാവ, മനുഷ്യർക്കു മാത്രമല്ല, സഹജീവികൾക്കും പ്രകൃതിക്കും മൃഗങ്ങൾക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും തങ്ങളുടെ സ്വന്തമെന്ന അഹങ്കാരത്തോടെ സമീപിക്കുന്നതിനു പകരം അവയുടെ അവകാശങ്ങളും അന്തസ്സും അംഗീകരിക്കണം. ക്രിസ്തുവിന്റെ മഹത്തായ സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന ക്രിസ്ത്യാനികളായും സുവിശേഷത്തിന്റെ സാക്ഷികളായും മാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ബാവ ആഹ്വാനം ചെയ്തു.
ജനകീയവും മാനുഷികവുമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച ശ്രേഷ്ഠ ബാവ, അദ്ദേഹത്തിനായി എല്ലാവരും പ്രാർത്ഥിക്കുന്നുണ്ടെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സഭാതർക്കങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാൻ സർവശക്തനായ ദൈവം അദ്ദേഹത്തിലൂടെ പ്രവർത്തിക്കട്ടെയെന്നും ബാവ ആശംസിച്ചു.
സുവർണ്ണ ജൂബിലി സമാപനം സമ്മേളനം കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഏലിയാസ് പി. ജോർജ് പുത്തൻപുരയ്ക്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സംസ്ഥാന മത്സ്യബന്ധന, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, ഹൈബി ഈഡൻ എം.പി., കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, നഗരസഭാ വാർഡ് കൗൺസിലർ ഷഹനാ സാംജി, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോറെപ്പിസ്കോപ്പ, ഇടവക വൈദികൻ ഫാ. എബി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.
വന്ദ്യ സാജു ചെറുവിള്ളിൽ കോറെപ്പിസ്കോപ്പ, ഫാ. മാത്യൂസ് കിളിത്താറ്റിൽ, ഫാ. ഷിബു ചെറിയാൻ കൂളിയാട്ട്, ഫാ. എൽദോസ് കറുത്തേടത്ത്, ഫാ. ഷാജി വർഗീസ്, ഫാ. എൽദോ പോൾ, ഫാ. എൽദോസ് ചെറുവിള്ളിൽ, ഫാ. എമിൽ ഏലിയാസ്, ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. ബേസിൽ ഏലിയാസ്, ഫാ. ജിജോ കുറ്റ, കളമശ്ശേരി മാർത്തോമ്മാ പള്ളി വികാരി ഫാ. മാത്യൂസ് എന്നിവരും നൂറുകണക്കിന് വിശ്വാസികളും സംബന്ധിച്ചു.
സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് വനിതാ സമാജം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇടവകയിൽ ശുശ്രൂഷ നിർവഹിച്ച മുൻ വികാരിമാർ, സ്ഥാപകാംഗങ്ങൾ, ദൈവാലയത്തിന്റെ പ്രവർത്തനങ്ങളിൽ മികച്ച സേവനം അനുഷ്ഠിച്ചവർ എന്നിവരെ ആദരിച്ചു. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സിഡിയുടെ പ്രകാശനവും നടന്നു.
തുടർന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ ഫെലോഷിപ്പ് പ്രസിഡന്റ് സിബി കുര്യൻ ദൈവാലയത്തിന്റെ ചരിത്രം അവതരിപ്പിച്ചു. പള്ളി ട്രഷറർ റോണി വർഗീസ് നന്ദി രേഖപ്പെടുത്തി. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
ഇടവക വികാരി ഫാ. ഏലിയാസ് പി. ജോർജ് പുത്തൻപുരയ്ക്കൽ, പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി പി.പി. ഫിലിപ്പ്, ട്രഷറർ റോണി വർഗീസ്, ഭരണസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















