കോലഞ്ചേരി ● നോർത്ത് വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി സൺഡേ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഇടവക വികാരിയും, പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം രക്ഷാധികാരിയുമായ ഫാ. വർഗീസ് ചെങ്ങനാട്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് ജൂബിലി പതാക ഉയർത്തി. കഴിഞ്ഞ 75 വർഷമായി സൺഡേ സ്കൂളിനെ വഴിനടത്തിയ ദൈവത്തിന്റെ അനുഗ്രഹത്തിനും കരുതലിനുമുള്ള നന്ദിസൂചകമായി 75 തിരികൾ തെളിയിച്ചു. തുടർന്ന് പ്ലാറ്റിനം ജൂബിലിയുടെ ഔദ്യോഗിക ലോഗോയും, തർബീതോ–75 എന്ന ജൂബിലി നാമവും പ്രകാശനം ചെയ്തു.
സൺഡേ സ്കൂൾ അധ്യാപകനായ ലാബു തോമസ് രചനയും സംഗീതവും നിർവഹിച്ച ജൂബിലി തീം സോങ് സെന്റ് തോമസ് ക്വയർ ടീം ആലപിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മംഗലത്ത് ക്രാഫ്റ്റ് ഡെന്റൽ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം ചെയർമാൻ ജോയ് കെ. എം., ജനറൽ കൺവീനർ ബെന്നി കുര്യാക്കോസ്, വൈസ് ചെയർമാൻമാരായ എ.വൈ. പൗലോസ്, ജോബിൻ സ്കറിയ, ജിത്തു ജോർജ്, ട്രഷറർ ബേസിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.
ഇടവക ഭരണസമിതി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, ഭക്തസംഘടനാ ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ്ലാറ്റിനം ജൂബിലി സ്വാഗതസംഘം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
