ദുബായ് ● യു.എ.ഇ. ഭദ്രാസനത്തിലെ ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1976-ൽ സ്ഥാപിതമായ കത്തീഡ്രൽ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ ആത്മീയ, സാംസ്കാരിക, കലാ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 13 ഞായറാഴ്ച വിശ്വാസ സംരക്ഷണ സമിതിയുടെയും ശുശ്രൂഷക സംഘത്തിന്റെയും നേതൃത്വത്തിൽ ‘സങ്കീർത്തന പാരായണ ധ്യാനം’ സംഘടിപ്പിച്ചു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് സുവർണ്ണ ജൂബിലി റാലിയും സുവർണ്ണ ജൂബിലി പതാക ഉയർത്തലും നടന്നു.
ഇന്ന്, സെപ്റ്റംബർ 20 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ 50 വനിതകളുടെ പങ്കാളിത്തത്തോടെ മെഗാ മാർഗംകളി അരങ്ങേറും. ഇതോടൊപ്പം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന ഗ്രാൻഡ് ജൂബിലി ദിനാഘോഷങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന സുവർണ്ണ ജൂബിലി പൊതുസമ്മേളനത്തിന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
തുടർന്ന് വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. യൂത്ത് അസ്സോസിയേഷന്റെ ‘മരുഭൂമിയിലെ മഞ്ഞിനിക്കര’ എന്ന ഔദ്യോഗിക വീഡിയോ പ്രകാശനം, ‘Voices of Our Heritage’ എന്ന ഡിജിറ്റൽ സുവനീറിന്റെ കവർ പ്രകാശനം, കത്തീഡ്രലിന്റെ ആദ്യകാല പ്രവർത്തകരുടെ അനുഭവങ്ങളും ഓർമകളും പങ്കുവയ്ക്കൽ എന്നിവയും നടക്കും. കൂടാതെ ‘Qolo Qadeesho’ എന്ന ഓൺലൈൻ അഖില മലങ്കര ഗായകസംഘ മത്സരത്തിന്റെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കും. തുടർന്ന് ഗ്രാൻഡ് ഓണം സദ്യയും ഒരുക്കിയിട്ടുണ്ട്.
‘വിശ്വാസം, പ്രത്യാശ, സ്നേഹം’ എന്ന സന്ദേശത്തെ ആസ്പദമാക്കി നടക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കത്തീഡ്രലിന്റെ അഞ്ച് പതിറ്റാണ്ടുകളായുള്ള വിശ്വാസയാത്രയുടെയും കൂട്ടായ്മയുടെയും സേവനസാക്ഷ്യത്തിന്റെയും ഓർമ പുതുക്കുന്ന വേളയായി മാറുകയാണ്.

