പുത്തന്‍കുരിശ് ● പരിശുദ്ധ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ 1876-ല്‍ മുളന്തുരുത്തിയില്‍ വച്ച് കൂടിയ പരിശുദ്ധ സുന്നഹദോസ് തീരുമാന പ്രകാരം മലങ്കര സഭയെ അങ്കമാലി, കൊച്ചി, കണ്ടനാട്, കോട്ടയം, കൊല്ലം, നിരണം, തുമ്പമണ്‍ എന്നിങ്ങനെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മലങ്കരസഭയില്‍ ജനാധിപത്യ ഭരണ ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്തിയതിന്റെ 150-ാം വാര്‍ഷികം 2026 നവംബര്‍ 13-ാം തീയതി മുതല്‍ 15-ാം തീയതി വരെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ സമുചിതമായി ആചരിക്കുകയാണ്.
പരിശുദ്ധ സഭയുടെ ഈ അനുഗ്രഹീത ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2026 നവംബര്‍ 11-ാം തീയതി മുതല്‍ 16-ാം തീയതി വരെ മലങ്കരയില്‍ (ഇന്ത്യയില്‍) ശ്ലൈഹീക സന്ദര്‍ശനം നടത്തുകയാണ്.
2026 നവംബര്‍ മാസം 13-ാം തീയതി വെള്ളിയാഴ്ച പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ച് ആലുവായിലെ പരിശുദ്ധ വലിയ തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ളതും, കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിടം സ്ഥിതിചെയ്യുന്നതുമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തിലും, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സഹകാര്‍മികത്വത്തിലും, സഭയിലെ ഇതര മെത്രാപ്പോലീത്താമാരുടെ സാന്നിദ്ധ്യത്തിലും വിശുദ്ധ മൂറോന്‍ കൂദാശ ശുശ്രൂഷകള്‍ ആരംഭിക്കുന്നു.
അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പരി. പാത്രിയര്‍ക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യത്തിലും, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിലും മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് നടത്തപ്പെടുന്നു. അതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് ഉത്ഘാടനം ചെയ്യുന്നു. ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. പിണറായി വിജയന്, ഇതര സഭാ മേലദ്ധ്യക്ഷന്മാര്, മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എല്‍.മാര്‍ എന്നിവരും, ആകമാന സുറിയാനി സഭയിലെ അറുപതില്പരം മെത്രാപ്പോലീത്താമാരും, സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
2026 നവംബര്‍ 14-ാം തീയതി ശനിയാഴ്ച പരിശുദ്ധ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ആകമാന സുന്നഹദോസും, പരി. സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി യോഗവും ചരിത്രമുറങ്ങുന്ന മുളന്തുരുത്തി മര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു.
നവംബര്‍ 4-ാം തീയതി പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ദീപം തെളിയിച്ച് തൈലം ഒരുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നു. പരി. മുളന്തുരുത്തി സുന്നഹദോസിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 2026 നവംബര്‍ 8-ാം തീയതി ഞായറാഴ്ച പരി. മുളന്തുരുത്തി സുന്നഹദോസ് തീരുമാന പ്രകാരം ആരംഭിച്ച ഏഴ് ഭദ്രാസന ആസ്ഥാനങ്ങളില്‍ നിന്നുള്ള വിളംബര ജാഥകള്‍ പരിശുദ്ധ സഭയിലെ ഭക്തസംഘടനകളുടെ സഹകരണത്തോടെ നടത്തപ്പെടുന്നു.
വി. മൂറോന്‍ കൂദാശയുടെ ഒരുക്ക ശുശ്രൂഷകളുടെ ഭാഗമായി 2026 നവംബര്‍ 10, 11, 12 തീയതികളില്‍ സഭ ഉപവാസ ദിനങ്ങളായി പ്രഖ്യാപിക്കുന്നു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ശ്രാദ്ധപ്പെരുന്നാള്‍ വിപുലമായ രീതിയില്‍ 2026 ഒക്ടോബര്‍ 30, 31 (വെള്ളി, ശനി) തീയതികളില്‍ നടത്തുന്നതാണ്. 30-ാം തീയതി വെള്ളിയാഴ്ച ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്ക്കാസെന്ററിലേക്ക് വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്രകള്‍ എത്തിച്ചേരുകയും, തുര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും 31-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിയ്ക്ക് പ്രഭാത നമസ്ക്കാരവും 8 മണിയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല് കുര്‍ബ്ബാനയും, അനുസ്മരണ സമ്മേളനവും, നേര്‍ച്ചസദ്യയും ഉണ്ടായിരിക്കുന്നതാണ്. വാര്‍ഷികാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പരിശുദ്ധ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതാണ്.
അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബര്‍ 26-ാം തീയതി മുതല്‍ 31-ാം തീയതി വരെ വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. പരി. ഇഗ്നാത്തിയോസ് അഹത്തുള്ള ബാവായുടെ നാമധേയത്തില്‍ കൊച്ചിയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചു.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ യാക്കോബായ സഭയുടെ പള്ളികള്‍ വിശ്വാസ സംരക്ഷണത്തില്‍ നിലനിര്‍ത്തുമെന്നും, സുറിയാനി സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും, ആത്മീകവും ഭൗതീകവുമായ വളര്‍ച്ച ലക്ഷ്യമാക്കി മുന്നേറുവാനും അംഗങ്ങളെ ഉദ്ബോധിപ്പിച്ചു. സഭയുടെ ജനാധിപത്യ ഭരണ ക്രമീകരണങ്ങള്‍ക്ക് അടിസ്ഥാനമിട്ട പരി. മുളന്തുരുത്തി സുന്നഹദോസ് സഭയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും, അതിന്റെ ചരിത്രവും പാരമ്പര്യവും പ്രൗഡിയോടെ സ്മരിക്കുന്ന ഈ 150-ാമത് വാർഷികം സഭയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണെന്നും, പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി പവിത്രമായ വിശുദ്ധ മൂറോന്‍ കൂദാശ പാത്രിയര്‍ക്കാസെന്ററിലെ മോര് അത്തനേഷ്യസ് കത്തീഡ്രലില്‍ നടത്തപ്പെടുമ്പോള്‍ സഭാമക്കള്‍ ഒന്നടങ്കം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര് ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ്, അഭി. പൗലോസ് മോര് ഐറേനിയോസ്, അഭി. കുര്യാക്കോസ് മോര് ക്ലിമീസ്, അഭി. യാക്കോബ് മോര് അന്തോണിയോസ്, അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ്, അഭി. ഗബ്രിയേല്‍ മോര് ഗ്രിഗോറിയോസ് എന്നീ മെത്രാപ്പോലീത്തമാരും. സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി)
പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്റര്‍ 19/09/2026


