കോതമംഗലം ● മാർ തോമ യാക്കോബായ സുറിയാനി ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥാടന വിളംബര ഘോഷയാത്ര നടത്തി. കന്നി 20 പെരുന്നാളിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ പള്ളിവാസലിലെ അള്ളാ കോവിലിൽനിന്ന് ആരംഭിച്ച ഘോഷയാത്ര രാവിലെ 10ന് ഹൈറേഞ്ച് മേഖലാധിപൻ ഡോ. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സാമൂഹിക, രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
അടിമാലി പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ഹൈറേഞ്ചിലെയും കോതമംഗലത്തെയും വിവിധ ദൈവാലയങ്ങൾ സന്ദർശിച്ച് കോതമംഗലത്ത് എത്തിയ ഘോഷയാത്രയെ കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, വ്യാപാരി വ്യവസായി സമിതി, എംബിഎംഎം അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സ്വീകരിച്ചു. തുടർന്ന് മാർ ബേസിൽ സ്കൂൾ കവാടത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിലും സ്വീകരണം നൽകി. പള്ളിത്താഴം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയുടെയും അങ്ങാടി മർച്ചന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കി.
വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർ തോമ ചെറിയ പള്ളിയിൽ എത്തിയ ഘോഷയാത്രയ്ക്ക് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിങ്കൽ നടത്തിയ ധൂപപ്രാർത്ഥനയോടെ സമാപനമായി.



