കോലഞ്ചേരി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ (ജെ.എസ്.ഒ.വൈ.എ) വാർഷിക കലോത്സവം ‘സെറാഫ് 2026’ സമാപിച്ചു. മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടന്ന കലോത്സവത്തിൽ കൂത്താട്ടുകുളം മേഖല ചാമ്പ്യന്മാരായി. കോലഞ്ചേരി മേഖല രണ്ടാം സ്ഥാനവും, കണ്ടനാട് മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലോത്സവം കണ്ടനാട് ഭദ്രാസനാധിപനും അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിയാനും അവയെ ക്രിയാത്മകമായി നേരിടാനും യുവജനങ്ങൾക്ക് സാധിക്കണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സഭയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി യുവജനങ്ങൾ തങ്ങളുടെ കഴിവുകളും ഊർജവും ഫലപ്രദമായി വിനിയോഗിക്കണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ അധ്യക്ഷത വഹിച്ചു.
മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ പള്ളി വികാരി ഫാ. ജോൺ തോമസ് കൂമുള്ളിൽ, ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. ജിജിൻ പാപ്പനാൽ, ഫാ. അജു ചാലപ്പുറം, ഫാ. റോഷൻ തച്ചേത്ത്, വൈസ് പ്രസിഡന്റ് ജിത്തു ജോർജ്, സെക്രട്ടറി ഡോയൽ എൽദോ റോയി, ട്രഷറർ ജൂഡിൻ ജോയി, അഖില മലങ്കര പ്രതിനിധികളായ സിനോൾ വി. സാജു, അങ്കിത മറിയം സജി, ടിന്റോ സാബു, മേഖലാ യൂത്ത് അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കണ്ടനാട് ഭദ്രാസനത്തിലെ ഏഴ് മേഖലകളിൽ നിന്നായി നൂറിലധികം മത്സരാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.









