മുളന്തുരുത്തി ● മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർഥയാത്രയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
മലേക്കുരിശ് ദയറ, കരിങ്ങാച്ചിറ, ആരക്കുന്നം, കാഞ്ഞിരമറ്റം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ തീർഥാടകരെ മുളന്തുരുത്തി കരവട്ടെ വടക്കേ കുരിശിങ്കലിൽ മാർത്തോമ്മൻ കത്തീഡ്രൽ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നാനാജാതി മതസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് തീർഥാടകർ കത്തീഡ്രലിലെത്തി.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെയും നേതൃത്വത്തിൽ കബറിങ്കൽ ധൂപപ്രാർഥനയും സന്ധ്യാപ്രാർഥനയും നടന്നു. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ ബാവായുടെ കബറിങ്കൽ പ്രത്യേക മധ്യസ്ഥ പ്രാർഥന, ആശീർവാദം എന്നിവയും വിശ്വാസികൾ സമർപ്പിച്ച പൊതിച്ചോറ് നേർച്ചയുടെ വിതരണവും നടത്തി.
വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. മത്തായി കുളച്ചിറ, ഫാ. എൽദോസ് ആയിപ്പള്ളിൽ, ഫാ. ബേസിൽ ബേബി പൊറ്റയിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് എന്നിവരും വ്യാപാരികളും വിവിധ സംഘടനാ പ്രതിനിധികളും സ്വീകരണത്തിൻ പങ്കെടുത്തു.
ഓർമ്മപ്പെരുന്നാൾ ദിനമായ ഇന്ന് രാവിലെ 7.15-ന് പ്രഭാതപ്രാർഥനയും 8-ന് അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. തുടർന്ന് പരിശുദ്ധ യൂയാക്കിം മാർ കൂറിലോസ് ബാവായോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥന, കബറിങ്കൽ ധൂപപ്രാർഥന, പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശീർവാദം, തിരുശേഷിപ്പ് വണക്കം, അവൽ നേർച്ച, ആദ്യഫല ലേലം എന്നിവ ഉണ്ടാകും. കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

















