മലേക്കുരിശ് ● മലങ്കര സഭയുടെ ചരിത്രത്തിൽ പകരംവയ്ക്കാനില്ലാത്ത അജപാലന ദൗത്യം നിർവഹിച്ച ഇടയത്വത്തിന്റെ മഹനീയ മാതൃകയായിരുന്നു പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലേക്കുരിശ് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 30-ാമത് ഓർമ്മപ്പെരുന്നാളിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ.
വിശുദ്ധമായ ജീവിതത്തിലൂടെ ബാവ ഇന്നും സഭയിൽ ജീവിക്കുന്നു എന്നത് ദൈവത്തെ മഹത്വപ്പെടുത്തേണ്ട കാര്യമാണ്. പ്രാർത്ഥനയിലൂടെ പ്രതിസന്ധികളെ നേരിടാൻ നമ്മെ പഠിപ്പിച്ച പിതാവായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
വിശുദ്ധി എന്നത് അത്ഭുതങ്ങളുടെ അടയാളപ്പെടുത്തലോ ശബ്ദങ്ങളുടെ കോലാഹലങ്ങളോ അല്ല, മറിച്ച് പ്രാർത്ഥനയിലെ മൗനമാണെന്ന് ബാവ പറഞ്ഞു. അനേകം വിശുദ്ധരുടെ മൗന പ്രാർത്ഥനയും കണ്ണീരും കലർന്ന ഈ പുണ്യഭൂമിയെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണായാണ് മലങ്കര യാക്കോബായ സുറിയാനി സഭ കാണുന്നത്. വിശുദ്ധന്മാരോടുകൂടിയുള്ള സഹവാസത്തിലേക്ക് ഈ പുണ്യയിടം ഏവരെയും ക്ഷണിക്കുന്നു.
സ്നേഹം, കരുണ, വിനയം, ആർദ്രത എന്നിവയിലൂടെ എല്ലാവരുടെയും ഹൃദയങ്ങളിൽ ഇടംനേടിയ വിശുദ്ധജീവിതമായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയുടേത്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണാണ് മലങ്കരയെന്ന് പറയുമ്പോൾ, ആ സിംഹാസനത്തിനുവേണ്ടി അവസാനശ്വാസംവരെയും നിലകൊള്ളാനും സ്വന്തം ജീവൻപോലും ബലിനൽകാൻ സന്നദ്ധനാകാനും തയ്യാറായ പിതാവായിരുന്നു ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസ്മരിച്ചു.
ഏകദേശം അഞ്ചു പതിറ്റാണ്ടുകാലം സഭയുടെ അജപാലന ദൗത്യം തികഞ്ഞ സമർപ്പണത്തോടും കൃതജ്ഞതയോടും വിശ്വസ്തതയോടും കൂടിയാണ് ബാവ നിർവ്വഹിച്ചത്. അകത്തുനിന്നും പുറത്തുനിന്നും മൂർച്ചയേറിയ അധിക്ഷേപങ്ങളും വെല്ലുവിളികളും ഉയർന്നിട്ടും, പ്രാർത്ഥനയുടെ ബലത്തിലും വിശുദ്ധിയിലും വിനയത്തിലും ഉറച്ചുനിന്ന് എല്ലാവരെയും കീഴ്പ്പെടുത്താൻ ബാവയ്ക്ക് കഴിഞ്ഞുവെന്നും ബാവ അനുസ്മരിച്ചു. സാത്വികനും താപസശ്രേഷ്ഠനുമായിരുന്ന ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ പ്രാർത്ഥനയെ പ്രണയിച്ച വിശുദ്ധജീവിതത്തിന്റെ ഉടമയായിരുന്നു.
സഭ എന്നും പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ ശാന്തമായ തീരത്തണയണമെന്നാണ് എല്ലാവരുടെയും ആഗ്രഹവും പ്രാർത്ഥനയുമെന്നും അനുസ്മരണ പ്രസംഗത്തിൽ ബാവ വ്യക്തമാക്കി. “ആരുടെയും അവകാശങ്ങൾ നമ്മൾ പിടിച്ചെടുക്കുന്നില്ല. അർഹതയില്ലാത്തതൊന്നും വേണമെന്ന് ആവശ്യപ്പെടുന്നുമില്ല. നീതിരഹിതമായി നഷ്ടപ്പെട്ടത് തിരികെ ലഭിക്കുന്നതിനായുള്ള പോരാട്ടമാണ് നടക്കുന്നത്. കോടതിവിധികളിലൂടെ മാത്രം എല്ലാറ്റിനും പരിഹാരമാകുമെന്ന് കരുതുന്നില്ലെങ്കിലും നീതി നിഷേധിക്കപ്പെടുമ്പോൾ കോടതികളെ സമീപിക്കാൻ നമ്മൾ നിർബന്ധിതരാകുകയാണ്. നിഷേധിക്കപ്പെട്ട നീതി തിരികെ ലഭിക്കാൻ സഭ ഒന്നടങ്കം പ്രാർത്ഥിക്കണം” എന്ന് ബാവ ആഹ്വാനം ചെയ്തു.
വരുംതലമുറയെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ശ്രേഷ്ഠ ബാവ, സഭയുടെ അസ്തിത്വവും സത്യവിശ്വാസവും സംരക്ഷിച്ചുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി. അതിനായി നിയമവഴിയായാലും ചർച്ചകളിലൂടെയായാലും ഏത് മാർഗ്ഗത്തിലൂടെയുള്ള ശ്രമങ്ങളും തുടരുമെന്നും ബാവ വ്യക്തമാക്കി.


