പുത്തൻകുരിശ് ● മലേക്കുരിശ് ദയറായിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിന് നൂറുകണക്കിന് വിശ്വാസികൾ കബർ വണങ്ങി മടങ്ങി. തിങ്കളാഴ്ച (ഇന്നലെ) രാവിലെ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കബറിങ്കൽ ധൂപ പ്രാർഥന എന്നിവ നടന്നു.
വൈകീട്ട് മലങ്കര സഭയുടെ വിവിധ ദൈവാലയങ്ങളിൽ നിന്ന് കബറിങ്കലേക്ക് കാൽനടയായി എത്തിയ തീർഥാടകർക്ക് ദയറാക്കവാടത്തിൽ സ്വീകരണം നൽകി. തുടർന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിൽ നടന്ന കബറിങ്കലെ ധൂപപ്രാർഥനയ്ക്ക് മെത്രാപ്പോലീത്തമാരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ ദിയസ്കോറസ് കുര്യാക്കോസ് എന്നിവർ സഹകാർമികരായി. തുടർന്ന് അനുസ്മരണ പ്രഭാഷണവും, അവാർഡ് ദാനവും, നേർച്ച സദ്യയും, കബറിങ്കൽ അഖണ്ഡ പ്രാർഥനയും നടന്നു.