ചാലിശ്ശേരി ● തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് അനധികൃതമായി ശവസംസ്കാരം നടത്തിയതിനെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധ റാലി നടത്തി. പൂർവ്വികരുടെ കല്ലറകളും പേരെഴുതിയ കുരിശുകളും സംരക്ഷിക്കണമെന്നും അനധികൃത സംസ്കാരങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങളുമായി അണിനിരന്നു. അരിമ്പൂർ എ.വി. ഡേവീഡിന്റെയും ലിസി ഡേവീഡിന്റെയും കുടുംബക്കല്ലറ പൊളിച്ചാണ് ഓർത്തഡോക്സ് വിഭാഗം പുലിക്കോട്ടിൽ കുഞ്ഞിപ്പുവിന്റെ ഭാര്യ കുഞ്ഞാണിയുടെ സംസ്കാരം ആഗസ്റ്റ് 24-ന് നടത്തി യാക്കോബായ കുടുംബ കല്ലറ കയ്യേറിയത്.
കല്ലറ പൊളിച്ച അരിമ്പൂർ കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോകൾ കൈയിലേന്തിയാണ് വിശ്വാസികൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. മണ്ണ് കല്ലറകൾ മാറ്റുകയും പേരെഴുതിയ കുരിശുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് പൂർവ്വികരുടെ ഓർമകളെയും വിശ്വാസികളുടെ വികാരങ്ങളെയും അപമാനിക്കുന്നതാണെന്നും ഭൂരിപക്ഷ വിശ്വാസികൾ പറഞ്ഞു.
കുടുംബക്കല്ലറകളിലെ അനുമതിയില്ലാത്ത സംസ്കാരം തടയുക, പൂർവ്വികരുടെ മണ്ണ് കല്ലറകളും കുരിശുകളും സംരക്ഷിക്കുക, വിശ്വാസികൾക്ക് കല്ലറകളിലെത്തി പ്രാർത്ഥിക്കാനുള്ള സാഹചര്യം ഉറപ്പാക്കുക, നിയമപാലകർ നീതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിശ്വാസികൾ റാലിയിൽ ഉയർത്തിയത്.
റാലി മാതൃ ദൈവാലയത്തിന് മുന്നിലെത്തിയ ശേഷം മരണപ്പെട്ട പൂർവ്വികർക്കായി വിശ്വാസികൾ പ്രാർത്ഥന നടത്തി. തൃശൂർ ഭദ്രാസനാധിപൻ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ്, ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ എന്നിവർ സംസാരിച്ചു. ചാലിശ്ശേരി പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് മൂന്ന് ദിവസം മുമ്പ് ഇടവക മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കലക്ടർ, പോലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.





