പിറവം ● സഭാ തർക്കം നിലനിൽക്കുന്ന പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓഗസ്റ്റ് 22-ന് കേരള നിയമസഭാ സ്പീക്കർ പങ്കെടുക്കുന്ന പരിപാടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും, പിറവം വലിയ പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചും അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൗനജാഥയും പ്രതിഷേധ യോഗവും നടത്തി.
ഇന്നലെ (ഓഗസ്റ്റ് 20) വൈകിട്ട് 5-ന് പിറവം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ ദൈവാലയത്തിൽ നിന്ന് ആരംഭിച്ച മൗനജാഥ നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ മാതൃ ദൈവാലയത്തിന്റെ അങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വികാരിയുമായ ഫാ. വർഗീസ് പനിച്ചയിൽ, സഹവികാരിമാരായ ഫാ. ബിജോ വൈമ്പനേത്ത്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബേസിൽ പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു.
കത്തീഡ്രൽ ട്രസ്റ്റി ബേബി കിഴക്കേക്കരയിൽ, ഏലിയാസ് തെറ്റലിയിൽ, കോൺഗ്രിഗേഷൻ വൈസ് പ്രസിഡന്റ് ഏലിയാസ്, ട്രസ്റ്റി ബാബു മധുരയിൽ, സെക്രട്ടറി ബിജു കാളിയാംപുറത്ത്, ലീഗൽ സെൽ പ്രതിനിധി ജോൺ സാർ, ബിജു വർഗീസ്, കോട്രസ്റ്റിമാരായ ബിജു പാലക്കൽ, ലിജോ പറയൻതടത്തിൽ, കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാജി ഒലിക്കൽ തുടങ്ങിയവരും ഭക്തസംഘടനകളുടെയും കുടുംബയൂണിറ്റുകളുടെയും ഭാരവാഹികളും വിശ്വാസികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പിറവം വലിയ പള്ളിയിലെ സ്പീക്കറുടെ സന്ദർശനം പുനഃപരിശോധിക്കണമെന്നും, സഭാ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളി കയ്യേറ്റങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്ന സാഹചര്യം ഉണ്ടാകരുതെന്നും സമിതി ആവശ്യപ്പെട്ടു. അന്യായമായി കൈവശപ്പെടുത്തിയതായി തങ്ങൾ വിശ്വസിക്കുന്ന പള്ളികളും അനുബന്ധ സ്വത്തുക്കളും നിയമപരമായ അവകാശികൾക്ക് തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.






