ഭാഗ്യസ്മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ നാളെ (ആഗസ്റ്റ് 20, വ്യാഴാഴ്ച) കബറിടം സ്ഥിതി ചെയ്യുന്ന ഉദയഗിരി സെന്റ് അഫ്രേം ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും.
രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8-ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുസ്മരണ സന്ദേശം നൽകും. കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച എന്നിവയോടെ ശ്രാദ്ധപ്പെരുന്നാൾ സമാപിക്കും.
തൃശൂർ ഭദ്രാസനത്തിലെ കുന്നംകുളം പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി ഇടവകയിൽ പുലിക്കോട്ടിൽ പി.സി ചാക്കോയുടെയും ശലോമിയുടെയും മകനായി 1963 നവംബർ 12-ന് അഭിവന്ദ്യ പിതാവ് ജനിച്ചു. എക്ബി ചാക്കോ എന്നായിരുന്നു അദ്ദേഹത്തിന്റ നാമം. 1993-ൽ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്നു തിയോളജി ബിരുദവും തുടർന്ന് കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്നു ബി.ഡിയും ബാംഗ്ലൂർ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നു തിയോളജിയിൽ മാസ്റ്റർ ബിരുദവും നേടി.
ബാഹ്യകേരള അതിഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് 1993 ഡിസംബർ 19-ന് കോറൂയോ പട്ടവും 1995 ഓഗസ്റ്റ് 6-ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. കാലം ചെയ്ത പുണ്യശ്ലോകനായ തോമസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു.
2004 ജനുവരി 21-ന് സെക്കന്തരാബാദ് പള്ളിയിൽ വെച്ച് അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ കൂടിയ ബാഹ്യകേരള അതിഭദ്രാസന പള്ളി പ്രതിപുരുഷയോഗം ഫാ. എക്ബി ചാക്കോയെ ബാഹ്യകേരള അതിഭദ്രാസനത്തിന്റെ ഡൽഹി മേഖലയുടെ സഹായ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 2006 ജൂലൈ 3-ന് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ ‘മോർ ഒസ്താത്തിയോസ് പത്രോസ്’ എന്ന പേരിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു.
ബാഹ്യകേരള അതിഭദ്രാസനം നാല് പുതിയ ഭദ്രാസനകൾ ആയി പുനർ ക്രമീകരിച്ചപ്പോൾ 2009-ൽ ഡൽഹി മേഖലയുടെ ചുമതലയിൽ നിന്ന് അദ്ദേഹം മാറുകയും പുതിയതായി രൂപീകരിച്ച ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ബഹറിൻ, സിംഗപ്പൂർ ഇടവകകളുടെ പാത്രിയാർക്കൽ വികാരിയായും, സഭയുടെ ബിബ്ലിക്കൽ അക്കാഡമിയുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ആരോഗ്യപരമായ കാര്യങ്ങളാൽ ഭദ്രാസന ചുമതലയിൽ നിന്ന് ഒഴിഞ്ഞ അഭിവന്ദ്യ പിതാവ് 2022 ആഗസ്റ്റ് 20-ന് കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ വെച്ച് കാലം ചെയ്യുകയും ഉദയഗിരി വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിലെ സെന്റ് അഫ്രേം ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്തു.

