മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഉപജീവനമാർഗം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം, 50 കുടുംബങ്ങൾക്ക് കൈത്താങ്ങായി ‘കൂടും കിടാവും’
മീനങ്ങാടി ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതിയായ ‘കൂട്’ന്റെ ഭാഗമായി കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനുള്ള ‘കൂടും കിടാവും’ പദ്ധതിക്ക് തുടക്കമായി. മീനങ്ങാടി അരമനയിൽ നടന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാംഗ്ലൂർ അനഗൽപുരയിലുള്ള അനുഗ്രഹ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു വിതരണച്ചടങ്ങ്.
കുടുംബങ്ങൾക്ക് സ്ഥിരമായ ഉപജീവനമാർഗം ഒരുക്കുന്നതിനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് “കൂടും കിടാവും’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് സഹായകരമാകുന്ന തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉപജീവനപദ്ധതികളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കൂട്’ പദ്ധതിയുടെ ഭാഗമായി കുടുംബങ്ങൾക്ക് നേരിട്ടുള്ള സഹായത്തിനപ്പുറം സ്വയംപര്യാപ്തതയിലേക്ക് വളരാനുള്ള അവസരം ഒരുക്കുന്ന മാതൃകാപരമായ ഇടപെടലായാണ് ‘കൂടും കിടാവും’ പദ്ധതി ശ്രദ്ധേയമാകുന്നത്.

