പുത്തൻകുരിശ് ● സഭാ തർക്കത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള ദൈവാലയങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുകയും പള്ളികൾ പൂട്ടിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് ബെത്ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ആരാധന നടക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികൻ പള്ളിക്കുള്ളിൽ പ്രവേശിച്ച് ആരാധന തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് പള്ളിയിലും പരിസരത്തും ഉണ്ടായ സംഭവങ്ങൾ വിശ്വാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു.
സഭാതർക്കവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോടതികളുടെ പരിഗണനയിലിരിക്കെ, ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ മധ്യസ്ഥ ചർച്ചകൾ നടത്തിവരികയാണ്. ഈ സാഹചര്യത്തിൽ യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള ദൈവാലയങ്ങളിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് സംഘർഷാവസ്ഥ ഉണ്ടാക്കുന്നത് സമാധാനശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നേതൃത്വത്തിൽ സമാധാനപരമായ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, ദൈവാലയങ്ങളിൽ സംഘർഷം സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുകയും പള്ളികൾ പൂർണമായും അടച്ചിടേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം നടപടികൾ സമാധാനാന്തരീക്ഷം തകർക്കുന്നതിനും സഭാ തർക്കം കൂടുതൽ സങ്കീർണമാക്കുന്നതിനും മാത്രമേ ഇടയാക്കുകയുള്ളൂ. സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുപകരം സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം വിട്ടുനിൽക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
യാക്കോബായ സുറിയാനി സഭയുടെ കൈവശവും നിയന്ത്രണത്തിലുമുള്ള ദൈവാലയങ്ങളിൽ വിശ്വാസികൾക്ക് സമാധാനപരമായി ആരാധന നടത്താനുള്ള സാഹചര്യം ഉറപ്പാക്കണം. സഭാ തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ നടത്തുന്ന മധ്യസ്ഥ ചർച്ചകൾ കൂടുതൽ ഫലപ്രദമാക്കുകയും, ഇരുവിഭാഗങ്ങളുടെയും അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും പരിഗണിച്ച് നീതിപൂർവമായ പരിഹാരം കണ്ടെത്തുകയും വേണമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ആരാധനാലയങ്ങളെ സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും വേദികളാക്കാതെ പ്രാർത്ഥനയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. സഭാ തർക്കത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തി വിശ്വാസികൾക്ക് സമാധാനത്തോടെ ആരാധന നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെന്റർ
09/08/2026
