പുത്തൻകുരിശ് ● സഭാതർക്കം നിലനിൽക്കുന്ന ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
മുൻകാലങ്ങളിൽ മൃതശരീരങ്ങളോട് ഓർത്തഡോക്സ് വിഭാഗം അനാദരവോടെയും മാനുഷിക പരിഗണനയില്ലാതെയും പെരുമാറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ഇത്തരം സംഭവങ്ങൾക്കെതിരെ സമൂഹവും ഭരണകൂടവും ശക്തമായ വിമർശനം ഉന്നയിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയമനിർമാണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
ഓടക്കാലി പള്ളിയിൽ മൃതശരീരം സംസ്കരിക്കുന്നത് തടഞ്ഞുവെന്നോ, മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നോ, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നോ ഉള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഓടക്കാലി പള്ളിയിൽ മൃതസംസ്കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലവിൽ വന്നതിനെ തുടർന്ന്, കോടതി നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് പള്ളി അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. പള്ളിയുടെ സാധാരണ ആരാധനാ ശുശ്രൂഷകൾക്ക് തടസ്സമുണ്ടാകാത്തവിധം കോടതി നിർദേശിച്ച സമയക്രമം പാലിച്ച് ചടങ്ങുകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ പള്ളി നേതൃത്വം മുൻകൈയെടുത്ത് ഒരുക്കിയിരുന്നു.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ് വിഭാഗം വൈദികർക്കും മരിച്ചയാളുടെ ബന്ധുക്കൾക്കും പള്ളിയിൽ പ്രവേശിച്ച് ശുശ്രൂഷകൾ നടത്തുന്നതിനും മൃതദേഹം സെമിത്തേരിയിൽ ആചാരപ്രകാരം സംസ്കരിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും എല്ലാ വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനും പോലീസ് സാന്നിധ്യവും ഏർപ്പെടുത്തിയിരുന്നു. കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ചടങ്ങുകൾ പൂർത്തിയാക്കുന്നതിനും ആവശ്യമായ സഹകരണം നൽകുന്നതിനും പള്ളിയിലെ യാക്കോബായ നേതൃത്വം തയ്യാറായിരുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
മുൻകാലങ്ങളിലും മൃതസംസ്കാര ചടങ്ങുകൾക്ക് യാതൊരു തടസ്സവും സൃഷ്ടിക്കാതെ ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ഓടക്കാലി യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ഒരുക്കിയിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവില്ലാതെ പള്ളിയിൽ പ്രവേശനം അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഓടക്കാലി പള്ളിയിലെ യാക്കോബായ നേതൃത്വം നേരത്തെ സ്വീകരിച്ചിരുന്നതെന്നും, കോടതി ഉത്തരവ് ലഭിച്ചതോടെ അതനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഓടക്കാലി യാക്കോബായ പള്ളിയുടെ ഭാഗത്തുനിന്ന് ഒരുക്കിയിട്ടുണ്ടായിരുന്നെന്നും മെത്രാപ്പോലീത്ത പറഞ്ഞു. അതിനാൽ പള്ളി തുറന്നുകൊടുക്കാതിരുന്നതായോ മൃതദേഹസംസ്കാരത്തിന് തടസ്സം സൃഷ്ടിച്ചതായോ ഉള്ള പ്രചാരണം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
മുൻ കോടതി ഉത്തരവുകളെ പരാമർശിച്ച് പള്ളിയിലെ അവകാശം സ്ഥാപിക്കാനും അനാവശ്യമായ തർക്കങ്ങൾക്ക് വഴിയൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തുന്ന ദുഷ്പ്രചാരണങ്ങൾ പ്രതിഷേധാർഹമാണ്. ഹൈക്കോടതി ഉത്തരവിനെ മാനിക്കുകയും അതിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താണ് പള്ളിയിലെ നേതൃത്വം മുന്നോട്ടുപോയിട്ടുള്ളത്. സഭാതർക്കത്തിന്റെ പേരിൽ മൃതസംസ്കാരം പോലുള്ള അതീവ മാനുഷികവും വൈകാരികവുമായ വിഷയങ്ങൾ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
എന്നാൽ, ഇല്ലാത്ത സങ്കീർണ്ണതകൾ സൃഷ്ടിച്ചും വസ്തുതകൾ വളച്ചൊടിച്ചും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിന്മാറണമെന്നും, മൃതസംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംയമനവും പരസ്പര ബഹുമാനവും പുലർത്തണമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
08/08/2026
