ചിക്കാഗോ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യ അമേരിക്കൻ അതിഭദ്രാസനത്തിലെ ഇടയസന്ദർശനത്തിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ വിശ്വാസിസമൂഹം പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ഓക്ക് പാർക്കിലെ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയും, സഹോദര ഇടവകയും ചേർന്നാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്.
സ്വീകരണ സമ്മേളനത്തിന് ശേഷം സന്ധ്യാ പ്രാർത്ഥന, പൊതുസമ്മേളനം, അത്താഴവിരുന്ന് എന്നിവയും നടന്നു. വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയ ശ്രേഷ്ഠ ബാവ സമൂഹത്തിന് ആത്മീയ സന്ദേശവും ആശീർവാദവും നൽകി.
പരിപാടിയിൽ ചിക്കാഗോയിലെ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മെത്രാപ്പോലീത്തയുടെ സാന്നിധ്യം, ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഹരമായ സാക്ഷ്യമായി. കൂടാതെ ചിക്കാഗോ മലയാളി സമൂഹവും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.






