ഹൈദരാബാദ് ● സുവർണ്ണ ജൂബിലി നിറവിലായിരിക്കുന്ന മൈലാപ്പൂർ ഭദ്രാസനത്തിലെ സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയ ദൈവാലയത്തിന്റെ കൂദാശ ശുശ്രൂഷകളും പുതിയ പേടകത്തിൽ തിരുശേഷിപ്പ് സ്ഥാപനവും മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായി നടന്നു.
ആഗസ്റ്റ് 1-ന് സന്ധ്യാനമസ്കാരത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പുനരുദ്ധരിച്ച ദൈവാലയത്തിന്റെ കൂദാശ ശുശ്രൂഷയും പുതിയ പേടകത്തിൽ തിരുശേഷിപ്പ് സ്ഥാപനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. ആഗസ്റ്റ് 2-ന് പ്രഭാത നമസ്കാരത്തെ തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനാനന്തരം വിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രത്തിന്റെ അനാച്ഛാദനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു.
മുൻ വികാരി ഫാ. വിപിൻ വർഗീസ്, മൈലാപ്പൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. സുബിൻ വർഗീസ്, ഫാ. ജോസഫ് നെടുമണൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു. വികാരി ഫാ. അനീഷ് റ്റി. വർഗീസ്, വൈസ് പ്രസിഡൻ്റ് കെ.എം. കുര്യൻ ട്രസ്റ്റി രാജു എം ഈപ്പൻ, സെക്രട്ടറി ജോജി ഡാനിയേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.













