മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനായുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. പെരുന്നാളിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് തീർത്ഥാടകരുടെ സൗകര്യാർത്ഥം സജ്ജമാക്കുന്ന പന്തലുകളുടെ കാൽനാട്ട് കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിച്ചു.
വികാരി വന്ദ്യ കെ. കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ വന്ദ്യ കുര്യാക്കോസ് കറുകയിൽ കോർ എപ്പിസ്കോപ്പ, വന്ദ്യ കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, പ്രോഗ്രാം ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. ജിതിൻ കുര്യൻ ചിരവത്തറ, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ പങ്കെടുത്തു.
പെരുന്നാളിനോടനുബന്ധിച്ചുള്ള മറ്റ് ഒരുക്കങ്ങളും സുഗമമായി പുരോഗമിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ വന്ദ്യ ജെ. മാത്യൂസ് കോർ എപ്പിസ്കോപ്പ മണവത്തും ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശ്ശേരിലും അറിയിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവരോടൊപ്പം വിദേശത്തുനിന്നും പതിനായിരക്കണക്കിന് വിശ്വാസികൾ മണർകാട് കത്തീഡ്രലിൽ എത്തിച്ചേരുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിശ്വാസികളുടെ ആത്മീയാനുഭവം കൂടുതൽ സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലാണ്.
