തിരുവാങ്കുളം ● കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ 26-ാം ശ്രാദ്ധപ്പെരുന്നാളും, ദീർഘകാലം ക്യംതാ സെമിനാരിയിൽ ധ്യാനനിരതനായി പ്രാർത്ഥനാജീവിതം നയിച്ച താപസശ്രേഷ്ഠൻ വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ്റെ 128-ാം ശ്രാദ്ധവും സംയുക്തമായി ജൂലൈ 25, 26 (ശനി, ഞായർ) തീയതികളിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും, ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ അനുഗ്രഹാശിസ്സുകളോടെ നടക്കും.
മൈലാപ്പൂർ, ബാംഗ്ലൂർ, യു.കെ. ഭദ്രാസനങ്ങളുടെ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വം വഹിക്കും. ഇന്ന് ജൂലൈ 25 ശനി വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, തുടർന്ന് ധൂപപ്രാർത്ഥന എന്നിവ നടക്കും.
നാളെ ജൂലൈ 26 ഞായർ 7.30-ന് പ്രഭാതപ്രാർത്ഥന, 8.30-ന് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, 10-ന് പ്രസംഗം, ധൂപപ്രാർത്ഥന എന്നിവ നടക്കും. 10.30-ന് യൂണിവേഴ്സിറ്റി, സ്കൂൾ, സണ്ടേസ്കൂൾ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്കുള്ള അനുമോദനം ഉണ്ടാകും. 11-ന് നടക്കുന്ന ശ്രാദ്ധസദ്യയോടെ പെരുന്നാൾ സമാപിക്കും. ഭദ്രാസന സെക്രട്ടറി ഫാ. സാംസൺ മേലോത്ത് നേതൃത്വം നൽകും.
