തിരുവനന്തപുരം ● വർഷങ്ങളായി തുടരുന്ന മലങ്കര സഭാ തർക്കങ്ങൾക്ക് ഈ സർക്കാരിൻ്റെ കാലയളവിൽത്തന്നെ ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പറഞ്ഞു.
തിരുവനന്തപുരം മേഖലയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു ശേഷം സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ എത്തി ആശംസകൾ നേർത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഭാ തർക്കങ്ങൾ പരിഹരിക്കുക എന്നത് തൻ്റെ വലിയൊരു ആഗ്രഹവും സ്വപ്നമാണെന്നും ഇതിനായി സഭയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗത്തിനും യാതൊരുവിധത്തിലുമുള്ള അഭിമാനക്ഷതവും ഉണ്ടാകാത്ത രീതിയിലുള്ള ഒരു ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സഭാ തർക്കങ്ങൾക്കായി നിലവിൽ വലിയ തോതിൽ സമയവും പണവും പാഴായിപ്പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് പരിഹാരമായാൽ ഈ സമയവും ധനവും വലിയ തോതിലുള്ള കാരുണ്യപ്രവർത്തനങ്ങൾക്കും മറ്റ് സാമൂഹിക നന്മകൾക്കുമായി വിനിയോഗിക്കാൻ സാധിക്കും. ഇത് വലിയ സമയലാഭവും ധനലാഭവും ഉണ്ടാക്കും. സഭാ തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് മലങ്കര സുറിയാനി കത്തോലിക്ക സഭാധ്യക്ഷൻ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്ക ബാവയുടെ പൂർണ പിന്തുണയും സഹകരണവും തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും, ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി നടത്തിയ പരാമർശത്തോട് പ്രതികരിച്ച ബസേലിയോസ് ക്ലീമ്മിസ് കാതോലിക്ക ബാവ, “ഒരു സഭാധ്യക്ഷൻ പറയേണ്ട കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്” എന്ന് അഭിപ്രായപ്പെട്ടു.



