തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഭക്തി നിർഭരമായ ചടങ്ങിൽ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. മുളന്തുരുത്തി എം.എസ്.ഒ.ടി. വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനും മീഡിയാ സെൽ ചെയർമാനുമാണ് അദ്ദേഹം.
പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ നടന്ന സുന്ത്രോണീസോ (സ്ഥാനാരോഹണ) ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായും നേതൃത്വം നൽകി.
പ്രാർത്ഥനയ്ക്കും വേദവായനയ്ക്കും ശേഷം സ്ഥാനം ഏൽക്കുന്ന മെത്രാപ്പോലീത്തയെ സിംഹാസനത്തിൽ ഇരുത്തി സ്ഥാനത്തിനു യോഗ്യൻ എന്ന് അർത്ഥമുള്ള “ഓക്സിയോസ്” എന്ന് മൂന്ന് പ്രാവശ്യം പ്രധാന കാർമികൻ ചൊല്ലിയപ്പോൾ വിശ്വാസികൾ ഏറ്റു ചൊല്ലി. അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോർ ക്ലീമിസ്, ഐസക് മോർ ഒസ്താത്തിയോസ്, ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് എന്നിവർ സഹകാർമികരായിരുന്നു.
സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തീഡ്രലിൽ എത്തി ആശംസകൾ അറിയിച്ചു.
വർഷങ്ങളായി തുടരുന്ന മലങ്കര സഭാ തർക്കം പരിഹരിക്കണം എന്നത് തന്റെ സ്വപ്നം ആണെന്നും അതിനുള്ള എല്ലാ ശ്രമവും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആർക്കും അഭിമാന ക്ഷതം ഉണ്ടാകാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കാൻ ആണ് ആഗ്രഹം. അതിനു സർക്കാരിനെ സഹായിക്കണമെന്ന് കർദിനാൾ മാർ ക്ലീമിസ് ബാവയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെത്രാപ്പോലീത്ത പദവി സമർപ്പണത്തിന്റെ ആണെന്നും ക്രിസ്തുവിന്റെ ഇഷ്ടം ചെയ്യുകയാണ് അദ്ദേഹത്തിന്റെ ദൗത്യം എന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മെത്രാപ്പൊലീത്ത പ്രസംഗിക്കുക മാത്രമല്ല കേൾക്കാൻ കൂടി തയാറാകണം. യുവജനങ്ങളെ ചേർത്തു നിർത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കണമെന്ന് ബാവ പറഞ്ഞു.
സഭകൾ മാത്രമല്ല, എല്ലാ ദൈവ വിശ്വാസികളും ഒരുമിച്ചു നീങ്ങേണ്ട കാലം ആണിത് എന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിപ്രായപ്പെട്ടു. നമ്മൾ പ്രത്യാശയുള്ളവർ ആയിരിക്കണം എന്നാണ് മുഖ്യമന്ത്രി ഇവിടെ പറഞ്ഞത്. ഒരു സഭാ അധ്യക്ഷൻ പറയേണ്ട വാക്കുകൾ ആണിതെന്നും ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി.
തുടർന്ന് നടന്ന സ്വീകരണത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്ബ്, മോൻസ് ജോസഫ്, സണ്ണി ജോസഫ്, കെ. മുരളീധരൻ, എം. ലിജു, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, ടി. സിദ്ദിക്ക്, പി.കെ. ബഷീർ, എ.പി. അനിൽ കുമാർ, എൻ.ഷംസുദ്ദീൻ, അബ്ദുൾ ഗഫൂർ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബെന്നി ബെഹനാൻ എം.പി, ജോസ് കെ. മാണി, എം.എൽ.എ മാർ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പുമാരായ ഡോ. യൂഹാനോൻ മാർ അലക്സിയോസ്, ഡോ. ആന്റണി മാർ സിൽവാനിയോസ്, മാത്യൂസ് മാർ സിൽവാനോസ്, ജെ. സുന്ദർ സിങ്, ഡോ. സെൽവദാസ് പ്രമോദ്, ഡോ. ജോർജ് ഈപ്പൻ, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ, ചീഫ് സെക്രട്ടറി കേണൽ ജേക്കബ് ജോസഫ്, സെറംപൂർ സെനറ്റ് പ്രസിഡന്റ് റവ. ഡോ. സി.ഐ. ഡേവിഡ് ജോയ്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രതിനിധി സഭാദ്ധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, എൻ. എസ്. എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, എഡിജിപി പി. വിജയൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, സഭ വൈദീക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വിവിധ സഭാ വൈദികർ, എക്യുമെനിക്കൽ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.