തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സുന്ത്രോണീസോ (സ്ഥാനാരോഹണ) ശുശ്രൂഷയും, പൊതുസ്വീകരണവും ജൂലൈ 15 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലായിരിക്കും സുന്ത്രോണീസോ ശുശ്രൂഷകൾ നടക്കുക. തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ, കേരള നിയമസഭാ സ്പീക്കർ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, സഭയിലെ മെത്രാപ്പോലീത്തമാർ, വിവിധ ക്രൈസ്തവ സഭകളിലെ മെത്രാപ്പോലീത്തമാർ, വൈദികർ, സന്യാസിമാർ, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം മേഖലയുടെ ആത്മീയ നേതൃത്വത്തിന് പുതിയ അധ്യായത്തിന് തുടക്കം കുറിക്കുന്ന സുപ്രധാന ചടങ്ങായാണ് സുന്ത്രോണീസോ ശുശ്രൂഷയെ സഭ വിലയിരുത്തുന്നത്. മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ മേഖലയുടെ ആത്മീയ പ്രവർത്തനങ്ങൾക്കും അജപാലന ശുശ്രൂഷകൾക്കും കൂടുതൽ കരുത്തും ദിശാബോധവും ലഭിക്കുമെന്ന പ്രതീക്ഷയാണ് വിശ്വാസിസമൂഹത്തിനുള്ളത്.
തിരുവനന്തപുരം മേഖലയിലെ വിവിധ ഇടവകകളിൽ നിന്നായി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും. വിശുദ്ധ ശുശ്രൂഷകൾക്കും സ്വീകരണ സമ്മേളനത്തിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
