നെരൂൾ ● മുംബൈ ഭദ്രാസനത്തിന്റെ വൈദീക യോഗം ജൂൺ 11 വ്യാഴാഴ്ച നെരൂൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു. ഭദ്രാസനത്തിലെ വൈദീകരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ, ഭദ്രാസനത്തിലെ മുതിർന്ന വൈദീകനായ വന്ദ്യ ജേക്കബ് കൊച്ചേരിൽ കോർ എപ്പിസ്കോപ്പ ഷാൾ അണിയിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
യോഗത്തിൽ വൈദീക സെക്രട്ടറി ഫാ. ജോസഫ് വാഴയിൽ, ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കാതുരുത്തേൽ എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിന്റെ ആത്മീയ, ശുശ്രൂഷാപര, ഭരണപര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തു. വൈദീകരുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായ യോഗം പ്രാർത്ഥനയോടെയും ആശീർവാദത്തോടെയും സമാപിച്ചു.



