- കമാൻഡർ തമ്പു ജോർജ് തുകലൻ (സഭാ അല്മായ ട്രസ്റ്റി)
പരിശുദ്ധ സഭയുടെ വിശ്വസ്ത പുത്രൻ, ബാറീത്തോ ശാരീറോ കമാൻഡർ ടി.യു കുരുവിള – നാമെല്ലാവരും സ്നേഹത്തോടെ ‘കുരൂളാൻ ചേട്ടൻ’ എന്നു വിളിച്ചിരുന്ന ആ പ്രിയ മുഖം ഇന്ന് നമ്മോടൊപ്പമില്ല.
പരിശുദ്ധ സഭയുടെ സെക്രട്ടറിയായി ദീർഘകാലം ശുശ്രൂഷ നിർവഹിച്ച അദ്ദേഹം, പ്രതിസന്ധികളുടെ നാളുകളിൽ സഭയ്ക്ക് അനുഗ്രഹമായും കരുത്തായും നിലകൊണ്ട വ്യക്തിത്വമായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ യാക്കോബായ സുറിയാനി സഭയുടെ അഭിമാനമായി അദ്ദേഹം എന്നും ശോഭിച്ചിരുന്നു.
പ്രിയപ്പെട്ട കുരൂളാൻ ചേട്ടനുമായുള്ള ആത്മബന്ധം എനിക്ക് വളരെ വലുതായിരുന്നു. അദ്ദേഹവുമായി എനിക്ക് ഉണ്ടായിരുന്നത് അതീവ ഹൃദയസ്പർശിയായ ആത്മബന്ധമായിരുന്നു. പരിശുദ്ധ സഭ പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ, സഭയ്ക്ക് ധീരവും ദൃഢവുമായ നേതൃത്വം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ഈ സമയം പ്രത്യേകം സ്മരിക്കുകയാണ്. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസ്സിനോട് ചേർന്നുനിന്ന് പരിശുദ്ധ സഭയെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ സഭയ്ക്ക് ഒരിക്കലും വിസ്മരിക്കുവാനാവില്ല.
സഭയുടെ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ, അതിന്റെ പ്രാരംഭകാലം മുതൽ തന്നെ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. 1996-ൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ എഡ്യൂക്കേഷൻ ട്രസ്റ്റിന് രൂപം നൽകിയപ്പോൾ, അതിന്റെ പ്രാരംഭ പ്രവർത്തകരിൽ കുരൂളാൻ ചേട്ടൻ മുഖ്യസ്ഥാനത്തുണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.
ആ ട്രസ്റ്റിന്റെ കീഴിൽ പരിശുദ്ധ സഭയ്ക്കായി ആരംഭം കുറിച്ച ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും സഭയ്ക്ക് അനുഗ്രഹമായി നിലകൊള്ളുന്നുണ്ടെങ്കിൽ, അതിന്റെ പിന്നിൽ കുരൂളാൻ ചേട്ടന്റെ സമർപ്പണവും അധ്വാനവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാൻ സാധിക്കും.
തന്റെ പ്രവർത്തനങ്ങളിലൂടെ ഒരു ദേശത്തിന്റെ മുഴുവൻ സ്നേഹവും ആദരവും നേടിയെടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. കോതമംഗലത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വികസന മേഖലകളിലെ പുരോഗതിക്കായി അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ പരിശുദ്ധ സഭയുടെ ശക്തമായ മുഖങ്ങളിലൊന്നായിരുന്നു കുരൂളാൻ ചേട്ടൻ എന്ന് നിസംശയം പറയാം. ജീവിതത്തിൽ വലിയ ഉയർച്ചകൾ കൈവരിച്ചപ്പോഴും സഭയെയും സമൂഹത്തെയും കരുതുവാൻ അദ്ദേഹം ഒരിക്കലും മറന്നില്ല.
നിലപാടുകളിൽ ഉറച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ ഹൃദയത്തോട് ചേർത്ത്, വിശ്വസ്തതയോടും സ്നേഹത്തോടും കൂടി കാത്തുസൂക്ഷിച്ച മാതൃകാപരനായ വിശ്വാസിയായിരുന്നു അദ്ദേഹം. സഭയുടെ നിയമങ്ങൾ പാലിച്ചുകൊണ്ട്, വിശ്വാസത്തിന്റെ പ്രകാശം നിറഞ്ഞ ജീവിതമാണ് അദ്ദേഹം നയിച്ചത്.
ജീവിതത്തിൽ വലിയ ഉയർച്ചകൾ കൈവരിച്ചപ്പോഴും സഭയെയും സമൂഹത്തെയും കരുതുവാൻ അദ്ദേഹം ഒരിക്കലും മറന്നില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് മഞ്ഞിനിക്കരയിൽ വെച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്ന് തന്നെ തൈലാഭിഷേകം സ്വീകരിക്കുവാനുള്ള മഹാഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് സഭയ്ക്കും സമൂഹത്തിനും വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുന്നു. ഈ വേർപാട് ഒരു വ്യക്തിയുടെ വിടവാങ്ങൽ മാത്രമല്ല, ഒരു യുഗത്തിന്റെ അവസാനമാണ്. അദ്ദേഹം അവശേഷിപ്പിച്ചു പോകുന്ന വലിയ ശൂന്യത എങ്ങനെ നികത്തപ്പെടും എന്നത് ചിന്തിക്കുമ്പോൾ ഹൃദയം ഭാരപ്പെടുന്നു.
പരിശുദ്ധ സിംഹാസനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയും, സത്യവിശ്വാസത്തോട് ചേർന്നുനിന്ന് പരിശുദ്ധ സിംഹാസനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ആ സമർപ്പിത വ്യക്തിത്വവും ഓർത്തുകൊണ്ട് നമുക്ക് അദ്ദേഹത്തിനായി പ്രാർത്ഥിക്കാം.
അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും സഭാ വിശ്വാസികളുടെയും ദുഃഖത്തിൽ പങ്കുചേരുകയും എന്റെ ആഴമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു. സർവ്വശക്തനായ ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്കട്ടെ.
