മണർകാട് ● പ്രാർത്ഥനയുടെയും വ്രതശുദ്ധിയുടെയും അന്തരീക്ഷത്തിൽ എട്ടു നോമ്പിൻ്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. കൊടിയേറ്റത്തോടെ കത്തീഡ്രലിലേക്ക് തീർഥാടകരുടെ പ്രവാഹവും ആരംഭിച്ചു.
വലിയ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം ഉച്ചയ്ക്ക് രണ്ടിന് വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കൊടിമരം മുറിക്കുന്നതിനായി പുറപ്പെട്ടു. മണർകാട് കരയിൽ ചിരട്ടേപ്പറമ്പിൽ വർഗീസ് കുരുവിളയുടെ പുരയിടത്തിൽനിന്ന് നിലംതൊടാതെ വെട്ടിയെടുത്ത മരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലെത്തിച്ചു. കരോട്ടെ പള്ളി ചുറ്റി കത്തീഡ്രൽ അങ്കണത്തിലെത്തിച്ച കൊടിമരം താഴത്തെ പള്ളിക്ക് മൂന്നു തവണ വലംവച്ചു. പാത്രിയാർക്കൽ പതാകയേന്തിയ വിശ്വാസികൾ ഘോഷയാത്രയ്ക്ക് അകമ്പടിയേകി.
ചുറ്റുവിളക്കിന് മുന്നിൽ തിരിതെളിച്ചശേഷം കൊടിമരം ഒരുക്കി കുരിശ് സ്ഥാപിച്ചു. അലങ്കരിച്ച കൊടിമരത്തിൽ ഇടവകയിലെ മുതിർന്ന അംഗം കുറുമലയിൽ കെ.വി. സ്കറിയ ചെമ്മാത്ത് പ്രധാന കൊടി കെട്ടി. തുടർന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി. സഹവികാരിമാരായ ജെ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ, കുര്യാക്കോസ് കാലായിൽ കോറെപ്പിസ്കോപ്പ, ഫാ. എം.എ. തോമസ് മറ്റത്തിൽ, ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ എന്നിവർ സഹകാർമികരായി. തുടർന്ന് വിശ്വാസികൾ ഒന്നുചേർന്ന് കൊടി ഉയർത്തി. കരോട്ടെ പള്ളിയിലും ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിലിന്റെ നേതൃത്വത്തിൽ കൊടിയേറ്റു.
എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ആറിന് കുരിശുപള്ളികളിലേക്കുള്ള പ്രദക്ഷിണവും ഏഴിന് നടതുറക്കലും എട്ടിന് പ്രധാന പെരുന്നാളും നടക്കും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിശ്വാസികൾ ഇത്തവണ എട്ടുനോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഭജനമിരുന്ന് പ്രാർഥിക്കുന്നവരടക്കമുള്ള തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് കത്തീഡ്രലിൽ ഒരുക്കിയിരിക്കുന്നത്.
പെരുന്നാളിന്റെ പ്രാരംഭദിനമായ ഇന്നലെ രാവിലെ കരോട്ടെ പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. താഴത്തെ പള്ളിയിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സേവക സംഘത്തിന്റെ കലണ്ടർ പ്രകാശനവും നടന്നു. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 30-ാം ദുഃഖ്റോനയും ആചരിച്ചു.
പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള ആത്മബലമാണ് പരിശുദ്ധ ദൈവമാതാവിന്റെ ജീവിതം നൽകുന്നതെന്ന് അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. എട്ടുനോമ്പിന്റെ പ്രാരംഭദിനത്തിൽ താഴത്തെ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരുടെ ജീവിതത്തിൽ ആത്മീയനിറവ് പകരുന്നതിനൊപ്പം ആ ആത്മീയത സമൂഹത്തിനും പ്രകാശമാകണമെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയുടെയും വേദനയുടെയും പ്രതിസന്ധികളുടെയും നടുവിലും ആത്മീയതയിൽ ഉറച്ചുനിന്ന ജീവിതമായിരുന്നു പരിശുദ്ധ ദൈവമാതാവിന്റേത്. തലമുറകൾ തന്നെ ഭാഗ്യവതിയെന്ന് പ്രകീർത്തിക്കുമെന്ന് പറഞ്ഞ മാതാവ് കർത്താവിന്റെ കുരിശിൻചുവട്ടിൽ നിന്ന കാഴ്ച ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതിരിക്കാനുള്ള ആത്മബലം പകരുന്നതാണ്.
പ്രതിസന്ധികളും കഷ്ടതകളും മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നവയാണെന്ന ബോധ്യമാണ് പരിശുദ്ധ ദൈവമാതാവിന്റെ ജീവിതത്തിൽനിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



