മഞ്ഞിനിക്കര ● ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നിറവിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ മഞ്ഞിനിക്കരയുടെ വിശുദ്ധ ഭൂമിയിൽ ഒത്തുച്ചേർന്നു. “അന്ത്യോഖ്യായുടെ അധിപതിയെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി…” എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ടെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധന്റെ കബറിടം വണങ്ങി അനുഗ്രഹീതരായി. കൊടും ചൂടിനെപോലും വകവയ്ക്കാതെ കഴിഞ്ഞ ഒരാഴ്ച കാലമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് കാൽ നടയായി അനേകർ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു.
വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ കാൽനട തീർത്ഥാടകർക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. നാനാജാതി മതസ്ഥരായ ദേശവാസികൾ കുടിവെള്ളവും ഭക്ഷണവും വിശ്രമിക്കുവാൻ സ്ഥലവും നൽകി തീർത്ഥാടകരെ സ്വീകരിച്ചത് സ്നേഹക്കൂട്ടായ്മയുടെ നേർക്കാഴ്ചയായി.
വ്യാഴാഴ്ച രാത്രി മുതല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രാ സംഘത്തെ ദയറാ തലവന്‍ അഭിവന്ദ്യ മോര് അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത കബറിങ്കലേക്ക് സ്വീകരിച്ച് ആനയിച്ചു. ബര്‍സൗമോ റമ്പാന്, ബേസില്‍ റമ്പാന്, ഫാ. ജോണി തുരുത്തിയില്‍, ഫാ. ബിനു സ്കറിയ, ഫാ. ബിനു മാത്യു റാന്നി എന്നിവര്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ നടന്ന വി. മൂന്നിന്മേല് കുര്‍ബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യരായ മോര് ക്രിസോസ്റ്റമോസ് മര്‍ക്കോസ്, മോര് ഗീവര്‍ഗീസ് സ്തേഫാനോസ് എന്നീ മെത്രാപ്പോലിത്തമാര്‍ സഹകാര്‍മികത്വം വഹിച്ചു.
ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ഹൈറേഞ്ച് റാന്നി മേഖലയില്‍ നിന്നും തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖല, തെക്കന്‍ മേഖലയിലെ കൊല്ലം ഭദ്രാസനത്തില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിച്ചു. പൗരാവലി, മഞ്ഞിനിക്കര മോര് സ്തേഫാനോസ് പള്ളി, സമീപ ഇടവകകള്‍, ദയറാ എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഫാ. എബി സ്റ്റീഫന്‍, ഫാ. ജോണ്‍ പുന്നമറ്റം, ഫാ. ജോണ്‍ കുര്യാക്കോസ്, രാജന് ജോര്‍ജ്, അജിത്ത് കുരുവിള, അലക്സാണ്ടര്‍ കാരക്കാട് തുടങ്ങിയവര്‍ ഓമല്ലൂര്‍ കുരിശിങ്കല്‍ പങ്കെടുത്തു.
വൈകിട്ട് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നേതൃത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തിലും സന്ധ്യാപ്രാര്‍ത്ഥന നടന്നു. ശേഷം നടന്ന തീര്‍ത്ഥാടക സംഗമം ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് വിവിധ അവാര്‍ഡ് വിതരണം നടത്തി. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥന നടന്നു.
ഇന്ന് ശനിയാഴ്ച പുലര്‍ച്ചെ 3-ന് മഞ്ഞിനിക്കര മോര് സ്തേഫാനോസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോര് മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15-ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45-ന് അഭിവന്ദ്യരായ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി മോര് തീമോത്തിയോസ് തോമസ്, മോര് ഒസ്ത്താത്തിയോസ് ഐസക്, മോര് യൂലിയോസ് ഏലിയാസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനയും നടന്നു. തുടര്‍ന്ന് 8.30-ന് അഭിവന്ദ്യ മോര് തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്റെ കബറിങ്കലും മോര് യൂലിയോസ് യാക്കോബ്, മോര് ഒസ്ത്താത്തിയോസ് ബെന്യാമിന് ജോസഫ്, മോര് യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും നടത്തപെട്ടു. 10.30-ന് സമാപന പ്രദക്ഷിണവും നേർച്ച വിളമ്പും നടന്നു.





