പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ ധ്യാനത്തിലും പ്രാർത്ഥനയിലുമായി കഴിയുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായോടൊപ്പം വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ സന്ദർശിച്ചു.
മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തന്മാർ എന്നിവർ പരിശുദ്ധ ബാവായുമായി കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ ബാവായുമായി നടത്തിയ സൗഹൃദപരമായ സംഭാഷണത്തിൽ സഭാ തലവന്മാർ ആത്മീയ വിഷയങ്ങളും സഭകൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും സംബന്ധിച്ച ആശയങ്ങളും പങ്കുവെച്ചു. വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഒരുമിച്ച് നടത്തിയ ഈ സന്ദർശനം ക്രൈസ്തവ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ഉജ്ജ്വല മുഹൂർത്തമായി മാറി.
യാക്കോബായ സുറിയാനി സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, ഫാ. സി.എം ഫിലിപ്പോസ്, സഭാ അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി മാത്യു എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തുടർന്ന് പരിശുദ്ധ ബാവായുടെ നേതൃത്വത്തിൽ നടന്ന സന്ധ്യാപ്രാർത്ഥനയിലും, മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ നടന്ന ധൂപപ്രാർത്ഥനയിലും എല്ലാവരും പങ്കെടുത്തു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
17/12/2025










