 
        പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്രകള്‍ നാളെ (ഒക്ടോബർ 30 വ്യാഴം) വൈകിട്ട് 5.30-ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ എത്തിച്ചേരും.
തൃശ്ശൂര്‍, പള്ളിക്കര, കോതമംഗലം, പിറവം, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി മുതലായ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും. അവിടെ നിന്നും കബറിങ്കലെത്തുന്ന തീര്‍ത്ഥാടകരെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് ബാവായുടെ നാമത്തില്‍ നേര്‍ച്ചസദ്യ ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 29-ാം തീയതി ബുധനാഴ്ച അഭിവന്ദ്യ ഏലിയാസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്ത കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
ഒക്ടോബര്‍ 30-ാം തീയതി വ്യാഴാഴ്ച രാവിലെ 7.00 മണിയ്ക്ക് അഭിവന്ദ്യ എബ്രഹാം മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും.
പ്രധാനപ്പെരുന്നാള്‍ ദിനമായ ഒക്ടോബര്‍ 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല് കുര്‍ബ്ബാനയും തുടര്‍ന്ന് അനുസ്മരണ സന്ദേശവും നടത്തപ്പെടും. തുടര്‍ന്ന് പെരുന്നാള്‍ സദ്യയും ക്രമീകരിച്ചിട്ടുണ്ട്.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ പേരില്‍ ആരംഭിക്കുവാന്‍ പോകുന്ന മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പെരുന്നാള്‍ ദിനം ആരംഭിക്കും. ഒപ്പം ബാവായുടെ നാമത്തിലുള്ള കണ്വെന്ഷന് സെന്ററിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനവും അന്നേ ദിവസം ആരംഭിക്കും. ശ്രേഷ്ഠ ബാവായുടെ വില്പത്ര പ്രകാരം താല്ക്കാലീകമായി നഷ്ടപ്പെട്ട ഇടവകകള്ക്കുളള ധനസഹായ വിതരണവും പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകും. പെരുന്നാളിന്റെ ചിട്ടയായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.
ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന തീര്‍ത്ഥയാത്രയുടെ ക്രമീകരണങ്ങള്‍:
കോതമംഗലം മേഖല:
മേഖലയിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ കോതമംഗലം പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ കബറിങ്കല്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് വാഹന തീര്‍ത്ഥയാത്ര മേഖലയുടെ അഭി. ഏലിയാസ് മോര് യൂലിയോസ് മെത്രാപ്പോലീത്ത ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യുന്നു.
തുടര്‍ന്ന് കാരക്കുന്നം, മുവാറ്റുപുഴ, വാളകം, കടമറ്റം വഴി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തുന്നു. അവിടെ നിന്ന് കാല്‍നടയായി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തുന്നു.
പിറവം മേഖല :
പിറവം ഭാഗങ്ങളിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തിച്ചേരുന്നു. അവിടെ നിന്ന് വാഹനത്തില്‍ ക്രമീകരിച്ചിട്ടുളള തീര്‍ത്ഥയാത്ര അഭി. യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്ത ഉച്ചകഴിഞ്ഞ് 3.30 ന് ഉദ്ഘാടനം ചെയ്യുന്നു. തീര്‍ത്ഥയാത്ര കുറിഞ്ഞിയില്‍ എത്തിച്ചേരുമ്പോള്‍ മുളന്തുരുത്തി, ആരക്കുന്നം ഭാഗത്തുനിന്ന് എത്തിച്ചേരുന്ന വിശ്വാസികളുമായി ചേര്‍ന്ന് കാല്‍നടയായി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തുന്നു.
തൃശ്ശൂര്‍ മേഖല :
തൃശ്ശൂര്‍ ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഭദ്രാസനത്തിലെ പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ വാഹനമാര്‍ഗം ആലുവായില്‍ എത്തുന്നു. രാവിലെ 9.00 മണിക്ക് അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ച് ആരംഭിക്കുന്ന തീര്‍ത്ഥയാത്ര പുക്കാട്ടുപടി, കിഴക്കമ്പലം വഴി പള്ളിക്കരയില്‍ എത്തിച്ചേർന്ന് അവിടെ നിന്നും പള്ളിക്കര മേഖലയോടൊപ്പം പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരുന്നു.
പള്ളിക്കര മേഖല :
അങ്കമാലി മേഖലയിലെ പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ വാഹനങ്ങളില്‍ പുരാതന ദൈവാലയമായ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തുന്നു. അവിടെ നിന്ന് ആരംഭിക്കുന്ന കാല്‍നട തീര്‍ത്ഥയാത്ര മേഖലയുടെ അഭി. ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്ത ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യുന്നു. തീര്‍ത്ഥയാത്ര പെരിങ്ങാല, കാണിനാട്, വടവുകോട് വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തുന്നു.
കരിങ്ങാച്ചിറ മേഖല :
കരിങ്ങാച്ചിറയിലും സമീപ പ്രദേശങ്ങളിലുമുള്ള ദൈവാലയങ്ങളിമുള്ള വിശ്വാസികള്‍ കരിങ്ങാച്ചിറ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഒത്തു ചേരുന്നു. കാല്‍നടയായി ക്രമീകരിച്ചിട്ടുളള തീര്‍ത്ഥയാത്ര അഭി. ഏലിയാസ് മോര് അത്താനാസിയോസ് മെത്രാപ്പോലീത്ത ഉച്ചകഴിഞ്ഞ് 2.30 ന് ഉദ്ഘാടനം ചെയ്യുന്നു. തീര്‍ത്ഥയാത്ര ക്യംതാ, തിരുവാങ്കുളം വഴി പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ എത്തിച്ചേരുന്നു.
തീര്‍ത്ഥയാത്രകള്‍ എല്ലാം വൈകീട്ട് 5.30 ന് ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്താനാസിയോസ് കത്തീഡ്രലിലേക്ക് എത്തിച്ചേരുമ്പോള്‍ ശ്രേഷ്ഠ കാതോലിക്ക ബാവായും, അഭി. മെത്രാപ്പോലീത്തമാരും, സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.



 
         
         
        