 
        ഹ്യൂസ്റ്റൺ ● വടക്കേ അമേരിക്കയിലെ സുറിയാനി ഓർത്തോഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനത്തിലെ വൈദീകരുടെ ധ്യാനം മൂന്നു ദിവസങ്ങളിലായി ടെക്സാസിലെ ഹ്യൂസ്റ്റൺ സെന്റ് ബേസിൽ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ നടന്നു. അമേരിക്കൻ അതിഭദ്രാസനാധിപനും, പാത്രിയർക്കൽ വികാരിയുമായ അർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ ഫാ. ഡോ. എ.പി. ജോർജ്, ഫാ. സജി മർക്കോസ്, ഫാ. ഡോ. ബെന്നി ഫിലിപ്പ് (വികാരി, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), ശ്രീമതി താരാ ഓലപ്പള്ളി, ഫാ. ബേസിൽ ഏബ്രഹാം എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടുകൂടി ധ്യാനം സമാപിച്ചു.
മലങ്കരയുടെ യാക്കോബ് ബുർദ്ദാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധവും ധ്യാനത്തോട് അനുബന്ധിച്ച് നടന്നു. ഹ്യൂസ്റ്റൺ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ നേർച്ചകാഴ്ചകളോടെ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിൽ പങ്കെടുത്തു.
വാർഷിക ധ്യാനത്തിന് നടത്തിപ്പിനായി അതിഭദ്രാസന വൈദീക സെക്രട്ടറി ഫാ. ഗീവറുഗീസ് ജേക്കബ് ചാലിശ്ശേരി, വൈദീക കൗൺസിൽ അംഗങ്ങൾ, സെന്റ് ബേസിൽസ് ഇടവക വികാരി ഫാ. ബിജോ മാത്യു, ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. അമേരിക്കയിലെ 84 പള്ളികളിൽ ശുശ്രൂഷ ചെയ്തു വരുന്ന 50 ലധികം വൈദീകർ ധ്യാനത്തിൽ പങ്കെടുത്തു.


 
         
         
        