തൃശ്ശൂർ ● മലങ്കര സുറിയാനി സഭയുടെ വിശ്വാസപ്പോരാളിയായിരുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കാൽനട തീർത്ഥയാത്ര നടത്തും. ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെയും സഹകരണത്തോടെ ഒക്ടോബർ 30 വ്യാഴാഴ്ച ശ്രേഷ്ഠ ബാവായുടെ സമരചരിത്രം ഉറങ്ങുന്ന ആലുവയുടെ മണ്ണിൽ നിന്ന് കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലിലേക്ക് കാൽനട തീർത്ഥയാത്ര നടത്തും.
ആലുവ സെന്റ് അത്താനാസിയോസ് സ്റ്റഡി സെന്ററിൽ നിന്നും രാവിലെ 9 മണിക്ക് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനയോടെ തീർത്ഥയാത്ര ആരംഭിക്കും. ആലുവയിൽ നിന്ന് പുക്കാട്ടുപടി വഴി തീർത്ഥാടകർ പള്ളിക്കര സെൻ്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് 2:45 ന് പുറപ്പെട്ട് അമ്പലപ്പടി ജംഗ്ഷൻ, പെരിങ്ങാല ജംഗ്ഷൻ, പെരിങ്ങാല കുരിശ്, കാണിനാട് കുരിശ്, കൊല്ലപ്പടി, വടവുകോട് ജംഗ്ഷൻ എന്നിവ കൂടി വൈകിട്ട് 5.30 ന് പുത്തൻകുരിശിൽ എത്തിച്ചേരും.
