കോട്ടയം ● വിശ്വാസ ജീവിതത്തിൽ കർത്താവിനെ രുചിച്ചറിയുന്ന അനുഭവസാക്ഷികളായി മാറാനും വിശ്വാസത്തിൽ തികവ് നേടാനും പരിശുദ്ധന്മാരുടെ ജീവിതം നമുക്ക് പ്രചോദനമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ, കടവുംഭാഗത്ത് കശ്ശീശന്മാരുടെ ഓർമ്മ എന്നിവയോടനുബന്ധിച്ച് നടന്ന വി. കുർബ്ബാനയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ.
വിശുദ്ധന്മാരുടെ ഓർമ്മയും പെരുന്നാളുകളും സുറിയാനി സഭയുടെ പാരമ്പര്യമാണ്. അവർ കർത്താവിങ്കലേക്കുള്ള ചൂണ്ടുപലകകളായി നിലകൊള്ളുന്നു. ഭക്തിയിലേക്ക് നയിക്കുന്നില്ലെങ്കിൽ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും അർഥമില്ല. ആചാരങ്ങൾ വിശ്വാസ ജീവിതത്തിലേക്ക് നമ്മെ നയിക്കുമ്പോഴാണ് അവ പൂർണ്ണമാവുന്നത്. നമ്മുടെ ആരാധനകളും വിശ്വാസ ജീവിതവും ആത്മാവിനെ രൂപാന്തരപ്പെടുത്തുന്നതിൽ പര്യാപ്തമായിരിക്കണം. നിരന്തരമായ പ്രാർഥനയിലൂടെയും ആരാധനയിലൂടെയും ആത്മീയ അനുഭവത്തിന്റെ പൂർണ്ണതയിലേക്ക് എത്താൻ പരിശ്രമിക്കണം. ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയണമെന്ന് ബാവ പറഞ്ഞു.
പ്രതിസന്ധികളെ അതിജീവിക്കാൻ നാം എപ്പോഴും കർത്താവിന്റെ ക്രൂശിലേക്ക് നോക്കണം. ക്രൂശിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾക്കിടയിലും ദൈവസ്നേഹത്തിന്റെ നിറവിൽ ദൈവത്തെ ആരാധിക്കുന്ന വിശ്വാസി സമൂഹമായി നമുക്ക് മാറാൻ സാധിക്കും. പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ബാവയുടെ ത്യാഗോജ്വലമായ ജീവിതം നമുക്ക് മാതൃകയാവണമെന്ന് ബാവ ഓർമ്മപ്പെടുത്തി.
മനുഷ്യരെ ബോധ്യപ്പെടുത്താനുള്ള ആത്മീയതയല്ല, ദൈവത്തിന് പ്രീതികരമായ രീതിയിൽ നമ്മുടെ ആചാരങ്ങളും നേർച്ചകളും വലുതാക്കാൻ സാധിക്കണം. അതിലൂടെ ദൈവാനുഭവത്തിൽ സഞ്ചരിക്കുവാനും അനേകരെ ദൈവരാജ്യത്തിന്റെ അനുഭവങ്ങളിലേക്ക് ചേർക്കുവാനും സാധിക്കട്ടെയെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു.
കടവുംഭാഗം പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ പ്രവർത്തനം കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും ബാവ പറഞ്ഞു.
പുതുതായി നിർമ്മിക്കുന്ന ബ്ലോസംവാലി ഓട്ടിസം റിസർച് സെന്റർ, ആധുനിക ചൈൽഡ് ഡവലപ്മെന്റ് സെന്റർ, റസിഡൻഷ്യൽ ബ്ലോക്ക് ഹാർമണി ഗാർഡൻസ് റിട്ടയർമെന്റ് ഹോം, പെരുമ്പള്ളി മോർ ഗ്രിഗോറിയോസ് ഭവന പദ്ധതിയിലെ പത്തു ഭവനങ്ങൾ എന്നിവയ്ക്കുള്ള ശില ആശീർവാദം, വിവിധ അവാർഡ്-സ്കോളർഷിപ് വിതരണവും ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ, എം.ജി സർവകലാശാലാ സിൻഡിക്കറ്റംഗം റജി സഖറിയ, കെ.പി.സി.സി സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
പാമ്പാടി ജംക്ഷനിലെ സിംഹാസന കത്തീഡ്രലിന്റെ കുരിശിൻ തൊട്ടിയിൽ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും നൽകി. വികാരി ഫാ. കുര്യാക്കോസ് കടവുംഭാഗം, ട്രസ്റ്റി കെ.എം. ഏബ്രഹാം, സെക്രട്ടറി ജയിംസ് മാത്യു എന്നിവർ നേതൃത്വം നൽകി.



