അബുദാബി ● പൗരോഹിത്യം ദൈവം മനുഷ്യന് നൽകിയ ഒരപൂർവ ദാനമാണെന്നും, ദൈവരാജ്യത്തിന്റെ മൂല്യങ്ങളിൽ മനുഷ്യരെ വളർത്താനും അവരെ നിലനിർത്താനും പൗരോഹിത്യത്തിന് ശക്തിയുണ്ടെന്നും അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി കഴിഞ്ഞ അൻപതു വർഷങ്ങളായി ഈ മഹത്തായ വിളിയിലൂടെയും പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത നിലനിർത്തിയതിലൂടെയും അഭിവന്ദ്യ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സഭയ്ക്കു നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്നും, അദ്ദേഹത്തോടുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്നേഹവും ആദരവും ഈ സന്ദർഭത്തിൽ പ്രകടമാക്കുന്നതായും മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
മാർത്തോമാ സുറിയാനി സഭയുടെ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത.
അബുദാബി മാർത്തോമാ ദൈവാലയത്തിൽ വച്ച് നടന്ന ചടങ്ങ് യുഎഇയിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസഡർ എ. അമർനാഥ് ഉദ്ഘാടനം ചെയ്തു.


