
കുവൈത്ത്സിറ്റി ● സ്നേഹം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ക്രൂശിനോട് ചേർന്നു നിന്ന് അതിലെ സ്നേഹത്തിന് നാം സാക്ഷികളാകണമെന്നും ലോകത്തിന് പുതിയ ദിശാബോധവും പ്രകാശവും നൽകാൻ ക്രൂശിൻ്റെ സ്നേഹം നമ്മെ ശക്തിപ്പെടുത്തണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സ്ലീബാ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
മറ്റുള്ളവർക്കുവേണ്ടിയും സ്വന്തം ജീവിതത്തിലും ക്രിസ്തുവിൻ്റെ കുരിശ് നമ്മെ എത്രത്തോളം ശക്തിപ്പെടുത്തുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്ത്യാനികൾ എന്ന പേരിൽ മാത്രം ഒതുങ്ങാതെ, നമ്മുടെ ജീവിതശൈലി, കാഴ്ചപ്പാടുകൾ, പ്രവൃത്തികൾ, ഇടപെടലുകൾ എന്നിവയെല്ലാം ക്രിസ്തുവിൻ്റെ സുവിശേഷത്തിൽ അധിഷ്ഠിതമായിരിക്കണം. കുരിശിലൂടെ ക്രിസ്തു നമ്മെ പഠിപ്പിച്ച സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കുകയും, അതിന് പ്രത്യുപകാരമായി നമ്മുടെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്ന് ബാവ ഓർമ്മിപ്പിച്ചു.
ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മുന്നോട്ട് പോകാനുള്ള ആന്തരിക ശക്തിയാണ് കുരിശ് നമുക്ക് നൽകുന്നത്. അതുകൊണ്ട്, ക്രിസ്തുവിൻ്റെ കുരിശ് നമ്മുടെ ആത്മീയ ജീവിതത്തിൻ്റെ മുഖമുദ്രയായിരിക്കണമെന്ന് ബാവ പറഞ്ഞു.
സ്വർഗ്ഗത്തെയും ഭൂമിയെയും തമ്മിൽ യോജിപ്പിക്കുന്നതിൻ്റെ പ്രതീകമാണ് കുരിശ്. മനുഷ്യരും സഹജീവികളും തമ്മിലുള്ള സമാധാനത്തിൻ്റെയും അനുരഞ്ജനത്തിൻ്റെയും അടയാളം കൂടിയാണത്. അതിനാൽ, ക്രിസ്തുവിൻ്റെ കുരിശ് നമ്മെ എപ്പോഴും സമാധാനത്തിൻ്റെ ദൂതന്മാരായും സ്നേഹത്തിൻ്റെ സാക്ഷികളായും ജീവിക്കാൻ പ്രചോദിപ്പിക്കട്ടെയെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. സി.പി സാമുവൽ, സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട്, ഫാ. ബെൻ സ്റ്റീഫൻ മാത്യു എന്നിവർ ശുശ്രൂഷകളിൽ പങ്കുചേർന്നു.
തുടർന്ന് ശ്രേഷ്ഠ ബാവായ്ക്ക് അനുമോദനവും നടന്നു. വിശുദ്ധ കുർബ്ബാന അർപ്പിക്കുവാനായി എഴുന്നള്ളി വന്ന ശ്രേഷ്ഠ ബാവായെ കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും വൈദികരും നൂറു കണക്കിന് വിശ്വാസികളും ചേർന്ന് സ്നേഹനിർഭരമായി സ്വീകരിച്ചു.















