
ലണ്ടൻ ● കുവൈറ്റിലെ സന്ദർശനം പൂർത്തിയാക്കി യുകെ ഭദ്രാസന സന്ദർശനത്തിനായി ലണ്ടൻ ഗാറ്റ്വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് യുകെ ഭദ്രാസന കൗൺസിൽ നേതൃത്വത്തിൽ സ്വീകരണം നൽകി.
യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ, ലണ്ടൻ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, ഡോ. സലിം എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു.
ശ്രേഷ്ഠ ബാവ മുഖ്യ അതിഥിയായി എത്തുന്ന യുകെ ഭദ്രാസന കുടുംബ സംഗമം സെപ്റ്റംബർ 27, 28 തീയതികളിൽ റെഡിച്ച് പള്ളിയുടെ ആഭിമുഖ്യത്തിൽ ബർമിങ്ഹാമിൽ വച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും .

