
കുണ്ടറ ● സുവിശേഷത്തിൽ ജീവിക്കുന്ന ജീവിതമാണ് ക്രിസ്തീയ സാക്ഷ്യമെന്ന്
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഒരുക്കിയ അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സുവിശേഷത്തിൽ ജീവിക്കുന്നതും, സുവിശേഷം കൊണ്ട് മാത്രം ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുക്ക് വേണ്ടത് സുവിശേഷത്തിൽ ജീവിക്കുന്ന ക്രിസ്തീയ സാക്ഷ്യത്തോടു കൂടിയ തീർത്ഥാടന ജീവിതമാണ്. അത്തരം ജീവിതത്തിലേക്കു നമ്മെ നയിക്കണമെന്നതാണ് പരിശുദ്ധ അമ്മയുടെ പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് ബാവ ഓർമ്മപ്പെടുത്തി.
കർത്താവായ യേശുക്രിസ്തു നമ്മെ പഠിപ്പിച്ച സുവിശേഷവും പ്രബോധനങ്ങളും ഉപമകളും ജീവിതത്തിൽ പ്രായോഗികമാക്കാനായിരിക്കണം നമ്മുടെ പരിശ്രമം. അധരംകൊണ്ട് മാത്രം ചെയ്യുന്ന പ്രാർത്ഥനകൾക്കും ആരാധനകൾക്കും ആഴത്തിലുള്ള അർത്ഥം ഉണ്ടാകണമെങ്കിൽ അത് ജീവിതത്തിലൂടെ പ്രതിഫലിക്കണം. ദൈവം നമ്മെ ഉയർത്തിയിരിക്കുന്നുവെന്ന തിരിച്ചറിവോടെ ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബാവ പറഞ്ഞു. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് സർവ്വവും നിയന്ത്രിക്കുന്ന ദൈവമുണ്ടെന്നുള്ള ബോധ്യമാണ്. എല്ലായിടത്തും, എല്ലാവരിലും കാണപ്പെടുന്ന ദൈവത്തെ തിരിച്ചറിയുന്നതാണ് വിശ്വാസത്തിന്റെ അടിസ്ഥാനം.
നമ്മുടെ വിശ്വാസത്തിന്റെ തീർത്ഥയാത്ര, ഏതു മതവിശ്വാസവുമായി ബന്ധപ്പെട്ടാലും, നമ്മെ നല്ല മനുഷ്യരാക്കുന്ന നിരന്തര പരിശ്രമമായിരിക്കണം. ആരാധനകളും പ്രാർത്ഥനകളും വിശ്വാസവും നമ്മെ നന്മയിലേക്കാണ് നയിക്കേണ്ടത്. അതിലേക്കു പ്രേരിപ്പിക്കാതെ പോകുന്നുവെങ്കിൽ വിശ്വാസജീവിതം അർത്ഥശൂന്യമാകും. വിശ്വാസം നമ്മുടെ ജീവിതത്തെ സ്പർശിച്ച്, നമ്മുടെ പ്രവൃത്തികളിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുന്നതാണ് യഥാർത്ഥ ക്രിസ്തീയജീവിതം. ക്രിസ്തുസന്ദേശത്തിന്റെ വാഹകരായി മാറാൻ എല്ലാവരും ശ്രമിക്കണമെന്ന് ബാവ ഉദ്ബോധിപ്പിച്ചു.
സഭാ തർക്കങ്ങൾ പരിഹരിക്കാൻ നിയമനടപടികളും കോടതി വ്യവഹാരങ്ങളും ഒരു ശാശ്വത പരിഹാരമല്ല. പകരം, സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും, ആത്മാർത്ഥമായ ചർച്ചകളിലൂടെയും അനുരഞ്ജന ശ്രമങ്ങളിലൂടെയും മാത്രമേ യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്ക് മാന്യതയോടെ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനായി വിശ്വാസി സമൂഹം പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ബേസിൽ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി.കെ. ഗോപൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ എന്നിവർ പ്രസംഗിച്ചു.
റവ. ജോബി തോമസ് സാമുവേൽ, റവ. ബൈജു സാമുവേൽ, റവ. കടുവിങ്കൽ ജോൺ, റവ. കെ. ജെയ്സൺ, ഐ. മാത്യു, കെ.വർഗ്ഗീസ് കുട്ടി, ലീലാമ്മ ജോൺ, അശോക് മാത്യു, ഡാനിയേൽ മാത്യു, തോമസ് മത്തായി എന്നിവർ ആശംസകൾ അർപ്പിച്ചു. നേരത്തെ ആറുമുറിക്കട മാർത്തോമ്മാ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് പള്ളിയിലേക്ക് പ്രൗഢ ഗംഭീരമായി ശ്രേഷ്ഠ ബാവായെ സ്വീകരിച്ചാനയിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം നവീകരിച്ച വി. സൂനോറോ പേടക സമർപ്പണം ശ്രേഷ്ഠ ബാവ നിർവഹിച്ചു. തു. ഇടവക വികാരി ഫാ. ബേസിൽ ജേക്കബ്, ട്രസ്റ്റി ഡാനിയേൽ മാത്യു, സെക്രട്ടറി തോമസ് മത്തായി, ഭരണസമിതിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.







