
കുവൈത്ത്സിറ്റി ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കുവൈത്തിൽ പാത്രിയാർക്കൽ ഇടവകകളുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. സെപ്റ്റംബർ 12 വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻ.ഇ.സി.കെ) ലാണ് ശ്രേഷ്ഠ ബാവയ്ക്ക് സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി തുടങ്ങിയ ഇടവകകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം ക്രമീകരിച്ചിട്ടുള്ളത്.
യോഗത്തിൽ കുവൈത്തിലെ എംബസി പ്രതിനിധികൾ, വിവിധ സഹോദര സഭയിലെ മെത്രാപ്പോലീത്തന്മാർ, വികാരിമാർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹ്യ-സാംസ്കാരിക നേതാക്കൾ എന്നിവർ സംബന്ധിക്കും.
സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 5.30 മുതൽ 8 വരെ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും, സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലും ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ഇന്ന് സെപ്റ്റംബർ 10 ബുധൻ കുവൈറ്റിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും പള്ളി വികാരിമാരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും.
