
ഏഴക്കരനാട് ● വി. ദൈവമാതാവ് ദൈവത്തിന്റെ ശബ്ദം കേട്ടു അനുസരിച്ചതുപോലെ, നമ്മളും ദൈവത്തിൻ്റെ ശബ്ദം കേട്ട് ജീവിതത്തെ മുന്നോട്ടു നയിക്കാൻ ശ്രമിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിലെ വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇടവക നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ദൈവത്തിൻ്റെ സന്നിധിയിൽ നിരന്തരമായി പ്രാർത്ഥിക്കുകയും അഭയപ്പെടുകയും സ്തുതിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നത് ഒരു വിശ്വാസിയുടെ ആത്മീയ തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണ്. പ്രാർത്ഥനയിലൂടെയും ദൈവാശ്രയത്തിലൂടെയും ആരാധനയിലൂടെയും ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു ഹൃദയം നേടിയെടുക്കണമെന്നും ബാവ പറഞ്ഞു.
ആത്മീയ അനുഷ്ഠാനങ്ങൾ നമ്മെ വിശുദ്ധിയുടെ പടവുകളിലേക്ക് ഉയർത്തുന്ന വഴികളായി കാണണം. നമ്മുടെ ഇഷ്ടങ്ങൾ ദൈവത്തിൻ്റെ ഇഷ്ടങ്ങളുമായി ചേർന്നുപോകുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. നാം ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ട് പോകണമെന്നില്ല. എൻ്റെ ആഗ്രഹങ്ങൾ എത്രത്തോളം ദൈവത്തിൻ്റെ ഇഷ്ടങ്ങളുമായി യോജിക്കുന്നു എന്ന ആത്മപരിശോധന വിശ്വാസജീവിതത്തിൽ വളരെ പ്രധാനമാണെന്നും ബാവ വ്യക്തമാക്കി.
ദൈവത്തിൻ്റെ ഇഷ്ടം അനുസരിക്കുമ്പോൾ പലപ്പോഴും നമുക്ക് പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവരും. അത്തരം ഘട്ടങ്ങളിൽ സഹനത്തിൻ്റെ പാതയിൽ ഉറച്ചുനിൽക്കാൻ പരിശുദ്ധ അമ്മ നമ്മെ ധൈര്യപ്പെടുത്തുന്നുവെന്ന് ബാവ ഓർമിപ്പിച്ചു. ദൈവത്തിൻ്റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ ദൈവകൃപയിൽ സമൃദ്ധരാകാനുള്ള വലിയ സൗഭാഗ്യം വിശ്വാസികൾക്ക് ലഭിക്കുന്നുണ്ടെന്നും ബാവ ചൂണ്ടിക്കാട്ടി. “പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ദൈവം നമ്മെ വഴിനടത്തുകയാണ്. അവിടെയാണ് നമ്മൾ ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നത്. ആ അനുഭവസത്യത്തിൽ നിന്നാണ് സഭയുടെ വിശ്വാസം സംരക്ഷിക്കാനും, തീരുമാനങ്ങൾ എടുക്കാനും, ഒരുമിച്ച് നിൽക്കാനും പ്രചോദനം ലഭിച്ചിട്ടുള്ളത്” എന്നും ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനായി എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് രാജകീയ സ്വീകരണമാണ് ഇടവക നൽകിയത്. വൈദീകരും നൂറുക്കണക്കിന് വിശ്വാസികളും ചേർന്ന് രഥ വാഹനമടക്കമുള്ള വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും പാരമ്പര്യ കലാരൂപങ്ങളുടെയും അകമ്പടിയോടെ ശ്രേഷ്ഠ ബാവായെ പ്രൗഢഗംഭീരമായി വരവേറ്റു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ഇടവക ശ്രേഷ്ഠ ബാവായെ ആദരിച്ചു. വികാരി ഫാ. പോൾ പടിഞ്ഞാറേതിൽ, സെക്രട്ടറി എബി വർഗീസ് പാറപ്പുഴയിൽ, ട്രഷറർ മത്തായി റ്റി.എ. തച്ചേത്തിൽ, പെരുന്നാൾ കൺവീനർ ജിറ്റി ജോൺ പാറപ്പുഴ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.











