
ഏഴക്കരനാട് ● വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും.
നാളെ (സെപ്റ്റംബർ 7 ഞായർ) വൈകിട്ട് 6 ന് ശ്രേഷ്ഠ ബാവായെ പ്രൗഢഗംഭീരമായി സ്വീകരിക്കും. തുടർന്ന് 7 ന് സന്ധ്യാപ്രാർത്ഥന നടക്കും. 8 ന് പ്രദക്ഷിണം ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസമായ സെപ്റ്റംബർ 8 തിങ്കൾ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പരി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. 11 ന് ദൈവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പരി. ദൈവമാതാവിൻ്റെ സൂനോറോ (ഇടക്കെട്ട് ) അലങ്കരിച്ച പേടകത്തിൽ നിന്നും ഭക്ത്യാദരവോടെ പുറത്തെടുക്കും.
11.30 ന് സൂനോറോ വണങ്ങൽ, ഉൽപ്പന്ന ലേലം, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. പോൾ പടിഞ്ഞാറേതിൽ, സെക്രട്ടറി എബി വർഗീസ് പാറപ്പുഴയിൽ, ട്രഷറർ മത്തായി റ്റി.എ. തച്ചേത്തിൽ, പെരുന്നാൾ കൺവീനർ ജിറ്റി ജോൺ പാറപ്പുഴ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകും.
