പെരുമ്പാവൂർ ● ദൈവേഷ്ടം അനുസരിച്ച് വിശ്വാസത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തുരുത്തിപ്ലി സെൻ്റ് മേരീസ് വലിയ പള്ളിയിൽ വി. ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ ദിവസം വി. കുർബ്ബാന മദ്ധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ലോകരക്ഷാദൗത്യത്തിൽ സജീവമായ പങ്കാളിത്തം വഹിച്ച പരിശുദ്ധ ദൈവമാതാവ്, ലോകത്തിലെ ആദ്യത്തെ ദൈവാലയം തന്നെയാണ്. ദൈവം നമ്മോടുകൂടെയുണ്ടെങ്കിൽ എത്ര ഇല്ലായ്മയിലും പ്രയാസത്തിലും നാം ധന്യരും പൂർണരുമാണ് എന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ ഇഷ്ടങ്ങൾക്കല്ല, ദൈവത്തിൻ്റെ ഇഷ്ടത്തിനാണ് നാം മുൻഗണന നൽകേണ്ടത്. ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, അപ്പനെയോ അമ്മയെയോ മക്കളെയോ സ്വത്തുക്കളെയോ എന്നെക്കാൾ അധികം സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ലെന്നാണ്. ഈ ലോകത്തിലെ കാര്യങ്ങളോട് നമുക്ക് സ്നേഹമാകാം, എന്നാൽ ഏറ്റവും വലിയ സ്നേഹം എൻ്റെ കർത്താവിനോടായിരിക്കണം. അങ്ങനെയുള്ള ദൈവപൈതലിൻ്റെ ചാരത്ത് അവൻ്റെ അമ്മയുമുണ്ടാകും. ക്രൂശിൻ്റെ ചുവട്ടിൽ വേദനയോടെ മകനെ നോക്കിനിൽക്കുന്ന അമ്മയോട്, “മോനേ ഇതാ നിൻ്റെ അമ്മ” എന്ന് യോഹന്നാനോട് കർത്താവ് പറഞ്ഞ വാക്കുകൾ ഹൃദയഭേദകമാണ്. അമ്മ മുന്നോട്ടുവെക്കുന്ന വിശ്വാസത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
നമ്മുടെ ഇഷ്ടം കർത്താവിൻ്റെ ഇഷ്ടവുംകൂടിയാകുമ്പോഴാണ് അമ്മ അവിടെ അത്ഭുതം പ്രവർത്തിക്കുന്നത്.
ദൈവത്തിൻ്റെ ഇഷ്ടവും കല്പനകളും അനുസരിക്കാൻ നാം ആദ്യം പഠിക്കണം. അവിടുത്തെ തിരുവചനം ജീവിതത്തിലൂടെ സ്വാംശീകരിക്കാൻ നമുക്ക് കഴിയണം. അങ്ങനെ ചെയ്യുമ്പോൾ അമ്മ നമ്മുടെ ചാരെ തന്നെയുണ്ടാകും. കാരണം, “എൻ്റെ ദേഹി കർത്താവിനെ പുകഴ്ത്തുന്നു; എൻ്റെ ആത്മാവ് എന്നെ ജയിപ്പിക്കുന്നവനായ ദൈവത്തിൽ സന്തോഷിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട്, ദൈവകല്പനകൾ അനുസരിച്ച് പാലിച്ചവളാണ് അമ്മ. വിനയപ്പെടുവാൻ നമുക്ക് സാധിക്കണം, കാരണം ശൂന്യാവസ്ഥയിലാണ് ദൈവം അത്ഭുതം പ്രവർത്തിക്കുന്നത്. ഒന്നുമില്ലായ്മയിൽ പോലും ദൈവത്തിൻ്റെ അത്ഭുതങ്ങൾ കാണുവാൻ നമുക്ക് കഴിയണമെന്ന് ബാവ കൂട്ടിച്ചേർത്തു. തുടർന്ന് വി. ദൈവമാതാവിൻ്റെ വി. സൂനോറോ പേടകത്തിൽ നിന്ന് പുറത്തെടുത്തു.
ശ്രേഷ്ഠ ബാവായ്ക്ക് തുരുത്തിപ്ലി സെൻ്റ് മേരീസ് വലിയ പള്ളിയുടെ നേതൃത്വത്തിൽ സ്നേഹ നിർഭരമായ സ്വീകരണമാണ് നൽകിയത്. വികാരി ഫാ. സജി ജോബ് മുണ്ടയ്ക്കൽ, സഹവികാരിമാരായ ഫാ. എബിൻ ഏലിയാസ് കാവുകാട്ട്, സഹവികാരി ഫാ. എൽദോസ് ജോർജ്ജ് തുരുത്തേൽ, ട്രസ്റ്റിമാരായ ജിൻസ് ജോർജ്ജ് ആയത്തുകുടിതുരുത്തി, എം.പി മത്തായി മുതിരക്കാലായിൽ, സെക്രട്ടറി സിജോ മാത്യൂ കോച്ചേരിൽ, ജോ. സെക്രട്ടറി സാജു പോൾ മേനാച്ചേരി എന്നിവർ നേതൃത്വം നൽകി.













