
കോടഞ്ചേരി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മലയോരജനതയുടെ സ്നോഷ്മള വരവേൽപ്പ്. താമരശ്ശേരി മൗണ്ട് ഹോറേബ് അരമനയിൽ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രേഷ്ഠ ബാവയെ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചത്.
പള്ളിയങ്കണത്തിൽ, വൈദികർ, യൂത്ത് അസ്സോസിയേഷൻ, സൺഡേ സ്കൂൾ, വനിതാ സമാജം തുടങ്ങിയവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കോഴിക്കോട്, കണ്ണൂർ,
മലപ്പുറം ജില്ലകളിൽനിന്നുള്ള ഒട്ടേറെ വിശ്വാസികൾ സ്വീകരണത്തിൽ പങ്കെടുത്തു. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ പതിനേഴാമത് മെത്രാഭിഷേക വാർഷികവും അനുമോദന സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തി.
ഭദ്രാസനത്തിൽ നിന്ന് വിരമിച്ച വൈദികരെ പൊന്നാടയണിയിച്ചു. കലാ-കായിക, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. നേർച്ച ഭക്ഷണത്തോടെയാണ് സ്വീകരണ യോഗം അവസാനിച്ചത്.


