
സുൽത്താൻബത്തേരി ● ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മികവുറ്റ സ്വീകരണമൊരുക്കി മലബാർ ഭദ്രാസനം.
വിശ്വാസികളും നാട്ടുകാരും ചേർന്ന് സ്നേഹ നിർഭരമായ വരവേൽപ്പാണ് നൽകിയത്. വൈകീട്ട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശമുവേൽ മോർ പീലക്സിനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപപ്രാർഥന നടത്തി. തുടർന്ന് മീനങ്ങാടിയിൽ നിന്ന് സ്വീകരിച്ച് കുതിരയുടെയും വാഹനങ്ങളുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെയാണ് അനുമോദന സമ്മേളനം നടക്കുന്ന മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ശ്രേഷ്ഠ ബാവായെ ആനയിച്ചത്.
കാത്തു നിന്നവർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് ബാവ ഒട്ടേറെ വൈദികർക്കൊപ്പം ദൈവാലയത്തിന് അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് ധൂപപ്രാർഥന നടത്തി. സദസ്സിലിരുന്ന ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത അടക്കമുള്ളവരെ ആശ്ലേഷിച്ചു. സ്വാഗതഗാനത്തോടെ തുടങ്ങിയ അനുമോദനസമ്മേളനത്തിൽ ശ്രേഷ്ഠ ബാവായുടെ ജീവിതഘട്ടങ്ങളും നേതൃത്വവും കാതോലിക്ക സ്ഥാനാരോഹണവും അടയാളപ്പെടുത്തിയ ഡോക്യുമെൻ്ററിയുടെ പ്രകാശനമായിരുന്നു ആദ്യം. സംവിധായകനും നടനും സഭാംഗവുമായ ബേസിൽ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ചെറുപ്പത്തിൽ വൈദീകൻ്റെ മകൻ കൂടിയായ തൻ്റെ കലാ ജീവിതത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ ചെലുത്തിയ സ്വാധീനവും പ്രോത്സാഹനവും നർമ്മത്തോടെ ബേസിൽ ജോസഫ് അവതരിപ്പിച്ചു.
തുടർന്ന് വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനങ്ങൾ എം.എൽ.എ മാർ അടക്കമുള്ള ജനപ്രതിനിധികൾ നിർവഹിച്ചു. പിന്നീടായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അനുഗ്രഹ പ്രഭാഷണം.







