
കോട്ടയം ● ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശങ്ങളിലും നേരെയുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഓരോ വ്യക്തിക്കും സ്വന്തം മതം പ്രചരിപ്പിക്കാനും പ്രസംഗിക്കുവാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, നമ്മുടെ മതസ്വാതന്ത്ര്യം മറ്റ് മതങ്ങളെ വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആകരുത്. പ്രായപൂർത്തിയായ വ്യക്തിക്ക്, സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. ഇതിനു വിരുദ്ധമായി നിയമങ്ങൾ ഉണ്ടാക്കുന്നതും അതിനായി ശ്രമിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് എല്ലാ മത വിഭാഗങ്ങൾക്കും ഒരേ സ്വരത്തിൽ ഉറക്കെ പ്രഖ്യാപിക്കാൻ സാധിക്കും.
ദുരുദ്ദേശ്യപരമായ മാർഗങ്ങളിലൂടെയോ തീവ്രവാദപരമായ സമീപനങ്ങളിലൂടെയാ ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിനെതിരെ ജാഗ്രത പാലിക്കാൻ സർക്കാരുകൾക്ക് സാധിക്കണം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശം, മതേതരത്വം, ബഹുസ്വരത എന്നിവ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുമ്പോഴാണ് നമ്മുടെ രാജ്യം ഭരണഘടനാ മൂല്യങ്ങളുടെ കാര്യത്തിൽ ലോകത്തിനുമുന്നിൽ ഒരു കറുത്ത അധ്യായമായി മാറുന്നതെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.
ഒരു മനുഷ്യന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, അവരെ ബോധവാന്മാരാക്കാനും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുമാണ് ക്രൈസ്തവ സഭകൾ മുന്നിട്ടിറങ്ങുന്നത്.
യാതൊരു മതവും മനുഷ്യത്വം മറന്നുള്ള വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാറില്ല. മതത്തിന്റെ പേരിൽ മനുഷ്യരെ തമ്മിലടിപ്പിക്കാനും സംഘർഷമുണ്ടാക്കാനും ശ്രമിക്കുന്നത് യഥാർത്ഥ മത തത്വങ്ങൾക്ക് എതിരാണെന്നും അത്തരം പ്രവർത്തനങ്ങളെ മതപരമായി കണക്കാക്കാനാവില്ലെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
സ്നേഹം, കാരുണ്യം, അനുകമ്പ, സഹാനുഭൂതി എന്നിവയാണ് എല്ലാ മതങ്ങളുടെയും യഥാർത്ഥ അടിസ്ഥാനവും സന്ദേശവും. ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, സാക്ഷ്യപൂർണ്ണമായ ജീവിതം നയിക്കാൻ നാം പരിശ്രമിക്കേണ്ടതുണ്ട്. കർത്താവിന്റെ സാക്ഷ്യം വഹിക്കാൻ തക്കവിധം നമ്മുടെ വിശ്വാസ ജീവിതം രൂപപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ ഇന്ന് സ്വയം വിലയിരുത്തണം. ഒരു വ്യക്തി ക്രിസ്തുവിനെ സ്വീകരിക്കേണ്ടത് ലോകത്തിൻ്റെ പ്രലോഭനങ്ങളാൽ അല്ല. മറിച്ച്, ക്രിസ്തുവിൽ ജീവിച്ച് ക്രിസ്തുവിനായി മരിച്ചവരുടെ മാതൃകയെ ആശ്രയിച്ചായിരിക്കണം. വ്യക്തികളെ പ്രലോഭിപ്പിച്ച് സഭയിലേക്കോ സമുദായത്തിലേക്കോ കൊണ്ടുവരാൻ ശ്രമിക്കുന്നതിന് നമുക്ക് പിന്തുണയ്ക്കാനാവില്ലെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ക്ലേശങ്ങൾ, ദുരിതങ്ങൾ, പീഡനങ്ങൾ, നീതി നിഷേധിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ ആരെങ്കിലും സഹായം ചെയ്യുമ്പോൾ, അതിന് പിന്നിലെ ഉദ്ദേശം മതപരിവർത്തനമാകുന്നത് അംഗീകരിക്കാനില്ലെന്നും, ഓരോ മതത്തിനും അതിൻ്റെ വ്യക്തിത്വവും വിശ്വാസങ്ങളുമുണ്ടെന്നും ബാവ പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കാനും ആദരിക്കാനുമുള്ള മനസ്സ് നമുക്കുണ്ടാകുമ്പോഴാണ് നമ്മുടെ മതം കൂടുതൽ ഉയർന്നുനിൽക്കുന്നത്. ഈ മനോഭാവമാണ് നമ്മുടെ വിശ്വാസത്തെ ലോകത്തിനു മുന്നിൽ എന്നും തലയുയർത്തി നിർത്തുന്നത്. കന്യാസ്ത്രീകൾക്കു നേരെ നടന്ന മനുഷ്യത്വരഹിതമായ സംഭവങ്ങൾ പോലെ ഇനി ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു.
ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയും സഹേദേന്മാരായ ഏഴ് മക്കളും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറും അനുഭവിച്ച
സാക്ഷ്യമരണവും അവർ നിലകൊണ്ട വിശ്വാസസത്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടവും ശ്രേഷ്ഠ ബാവ വിവരിച്ചു. വിശ്വാസജീവിതത്തിന്റെ ദൈർഘ്യമേറിയ വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് നമ്മൾ. ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ടുന്ന അവസ്ഥയിലേക്കുള്ള സഞ്ചാരപഥത്തിൽ വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെടുക എന്നുള്ളത് നമ്മൾ എല്ലാവരുടെയും വിശ്വാസ വഴികളിലെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ അസാധ്യമാണെന്നുള്ളത് തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. വിശുദ്ധരുടെ പെരുന്നാൾ നമുക്ക് വിശുദ്ധിയിലേക്ക് വളരുവാനും വിശുദ്ധന്മാരോടൊപ്പമുള്ള സഹവാസവും ഉറപ്പുവരുത്തുവാനും മുഖാന്തരമായി തീരണം. വിശുദ്ധ ജീവിതം എന്നത് രഹസ്യത്തിലും പരസ്യത്തിലും ഒരുപോലെയായിരിക്കണം. പരസ്യമായി വിശുദ്ധനാണെന്ന് നടിക്കുകയും രഹസ്യത്തിൽ ദുഷിച്ച കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന അനേകം വ്യക്തികൾ നമുക്കിടയിലുണ്ട്. എന്നാൽ, വിശുദ്ധരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വിശുദ്ധി എന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒന്നല്ല, മറിച്ച് നമ്മുടെ രഹസ്യ ജീവിതത്തിലും പരിപാലിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ആഗോള ശ്മൂനിയൻ തീർത്ഥാടന കേന്ദ്രമായ പേരൂർ മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയിൽ മർത്തശ്മൂനി അമ്മയുടേയും, സഹദേന്മാരായ ഏഴു മക്കളുടെയും, ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ഓർമ്മപ്പെരുന്നാൾ ദിവസം വി. ഒൻപതിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി മോർ തീമോത്തിയോസ് തോമസ്, മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ക്ലീമീസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സീനോസ് സഖറിയാസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വം വഹിച്ചു.




